ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ വിവിധ പരിപാടികളുമായി ഇന്ന് മുതല്‍ രാജ്യ തലസ്ഥാനത്ത് സജീവമാകും. രാവിലെ 11 മണിക്ക് ജന്തര്‍ മന്തറില്‍ ജനകീയ കോടതിയെന്ന പേരില്‍ പ്രചാരണ പരിപാടി സംഘടിപ്പിക്കും. മുഖ്യമന്ത്രി അതിഷി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്‍, ആം ആദ്മി പാര്‍ട്ടിയുടെ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
പരമാവധി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഡല്‍ഹിയില്‍ സജീവമാകാനാണ് കെജ്‌രിവാളിന്റെ ശ്രമം. ആം ആദ്മിയുടെ തലവന്‍ എന്ന നിലയില്‍ കെജ്‌രിവാളിന് ഡല്‍ഹിയില്‍ പ്രത്യേക വസതി അനുവദിക്കാനുള്ള ആവശ്യം പാര്‍ട്ടി സജീവ ചര്‍ച്ച ആക്കുകയാണ്. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി 15 ദിവസം കൊണ്ട് കെജ്‌രിവാള്‍ ഒഴിയും.
കെജ്‌രിവാളിന് സര്‍ക്കാര്‍ വസതി നല്‍കണമെന്ന് കേന്ദ്രത്തോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഭവന നഗര കാര്യ വകുപ്പ് മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയക്കുമെന്ന് ആം ആദ്മി എംപി രാഘവ് ചദ്ദ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാജ്‌നിവാസില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. അതിഷിക്ക് പുറമെ അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗോപാല്‍ റായി, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്‌ലാവത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.