കർണാടക: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും. നാവികസേന രേഖപ്പെടുത്തിയ ഒന്നും രണ്ടും പോയിന്റ് കേന്ദ്രീകരിച്ചാകും ഇന്നത്തെ പരിശോധന. തിരച്ചിലിന് പ്രധാനമായും ഈശ്വർ മാൽപ്പെയാണ് നേതൃത്വം നൽകുന്നത്. ഗംഗാവലി പുഴയിലെ മണ്ണ് പൂർണമായും നീക്കാനാകാത്തതാണ് തിരച്ചിലിലെ പ്രതിസന്ധി.
ഇന്നലെ തിരച്ചിലിൽ കണ്ടെത്തിയ വാഹനത്തിന്റെ ടയറുകളും ക്യാമ്പിന്റെ ഭാഗവും അർജുന്റെ ലോറിയുടെതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥീരികരിച്ചിരുന്നു. കണ്ടെടുത്തത് ഒരു പഴയ ലോറിയുടെ ഭാഗങ്ങളാണെന്നും സ്റ്റിയറിങ് കണ്ടിട്ട് ലോറിയുടേതാവാന്‍ സാധ്യതയില്ലെന്നുമാണ് മനാഫിന്‍റെ നിഗമനം.
സ്റ്റിയറിംഗ് കണ്ടെത്തി എന്ന് മൽപെ പറഞ്ഞ ഭാഗത്തേക്ക് ഡ്രജ്ജര്‍ എത്തിച്ച് നടത്തിയ പരിശോധയിലാണ് ക്യാബിന്‍റെ ഭാഗം പുറത്തെടുത്തത്. ക്രെയിനില്‍ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു. 60 ടണ്‍ ഭാരം വരെയാണ് ഡ്രഡ്ജറിന്റെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ സാധിക്കുക. നാവികസേന നിർദ്ദേശിച്ച മൂന്ന് പോയിന്റുകളിൽ സിപി4 എന്ന് രേഖപ്പെടുത്തിയ ഭാഗത്ത് നിന്ന് ഏകദേശം 30 മീറ്റർ മാറിയാണ് ലോറിയുടെ സ്‌ഥാനമെന്നാണ് മൽപെ പറഞ്ഞത്. തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നും മൽപെ അറിയിച്ചിരുന്നു.
അതേസമയം അര്‍ജുന്റെ സഹോദരി അഞ്ജു അടക്കമുള്ള ബന്ധുക്കള്‍ ഇന്നലെ ഷിരൂരിലെത്തിയിരുന്നു. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്നലെ രാവിലെയാണ് പുനരാരംഭിച്ചത്. മോശം കാലാവസ്‌ഥയെ തുടർന്ന് ഓഗസ്‌റ്റ് 16നാണ് അർജുനായുള്ള തിരച്ചിൽ നിർത്തിവെച്ചത്.