ഭോപ്പാൽ: ഗ്യാസ് സിലിണ്ടർ വെച്ചുകൊണ്ടുള്ള യുപിയിലെ ട്രെയിൻ അട്ടിമറിശ്രമത്തിന് ശേഷം മധ്യപ്രദേശിലും സമാനമായ അട്ടിമറി ശ്രമം. മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലാണ് ട്രെയിൻ ഡിറ്റനേറ്ററുകൾക്ക് മുകളിലൂടെ കയറിയിറങ്ങി.
സൈനിക ഉദ്യോഗസ്ഥർ യാത്ര ചെയ്തിരുന്ന ട്രെയിനിന് നേരെയാണ് അട്ടിമറി ശ്രമം ഉണ്ടായത്. ട്രെയിൻ ഡിറ്റനേറ്ററുകൾക്ക് മുകളിൽകൂടെ കയറിയിറങ്ങിയതോടെ സ്ഫോടനമുണ്ടായി. ശബ്ദം കേട്ട് ലോക്കോപൈലറ്റ് ട്രെയിൻ അടിയന്തിരമായി നിർത്തുകയും ഉടൻ തന്നെ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നുമില്ല. സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ ഉണ്ടായ അട്ടിമറിശ്രമത്തെ അതീവ ഗൗരവത്തോടെ ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണ്.
രാജ്യത്ത് ട്രെയിനുകൾക്ക് നേരെയുണ്ടാകുന്ന അട്ടിമറിശ്രമങ്ങൾ വർധിക്കുകയാണ്. ഉത്തർപ്രദേശിലെ കാൺപൂരിൽ ഇത്തരത്തിൽ റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയിരുന്നു. ഡൽഹി-ഹൗറ റെയിൽ പാതയിലെ പ്രേംപൂർ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.
കാൺപൂരിൽ നിന്ന് ലൂപ്പ് ലൈൻ വഴി പ്രയാഗ്‌രാജിലേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് ട്രാക്കിന് നടുവിൽ ചെറിയ ഗ്യാസ് സിലിണ്ടർ സ്ഥാപിച്ചിരിക്കുന്നത് കണ്ടത്. ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായി. ഗ്യാസ് സിലിണ്ടറും ഇരുമ്പ് ദണ്ഡുകളും ഉൾപ്പെടെ വിവിധ സാധനങ്ങൾ സ്ഥാപിച്ച് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിക്കുന്ന നിരവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
കാൺപൂരിൽ സമീപകാലത്ത് നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ദിവസങ്ങൾക്ക് മുൻപ് കാൺപൂർ- കാസ്ഗഞ്ച് റെയിൽ പാളത്തിൽ എൽപിജി സിലിണ്ടർ സ്ഥാപിച്ച് കാളിന്ദി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം നടന്നിരുന്നു. സിലിണ്ടർ ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടതോടെ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചു. ട്രെയിന്‍, സിലിണ്ടറില്‍ തട്ടുകയും അത് പാളത്തിന് പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. സിലിണ്ടറില്‍ തട്ടി അല്‍പസമയത്തിനു ശേഷം ട്രെയിന്‍ നില്‍ക്കുകയും ചെയ്തിരുന്നു. സംഭസ്ഥലത്ത് നിന്ന് പെട്രോൾ, ബോംബ്, സ്ഫോടക വസ്തുക്കളോട് സാമ്യമുള്ള പൊടി നിറച്ച പലഹാരങ്ങൾ അടങ്ങിയ ബാഗ്, തീപ്പെട്ടി എന്നിവയും കണ്ടെത്തിയിരുന്നു.