തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; ആംസ്‌ട്രോങ് വധക്കേസ് പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു

തമിഴ്‌നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ബി എസ് പി നേതാവ് ആംസ്‌ട്രോങ്ങിന്റെ കൊലപാതകം

dot image

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. ബി എസ് പി നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു. ആന്ധ്രാപ്രദേശില്‍ നിന്ന് ഇന്നലെ പിടികൂടിയ സീസിന്‍ രാജയാണ് കൊല്ലപ്പെട്ടത്. പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേ വെടിയുതിര്‍ത്തുവെന്നാണ് പൊലീസ് ഭാഷ്യം.

കടപ്പ ജില്ലയില്‍ നിന്നായിരുന്നു സീനിന്‍ രാജയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി ചെന്നൈയിലേക്ക് എത്തിച്ചു. നീലങ്കരൈ എന്ന സ്ഥത്തുവെച്ച് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് വെടിയുതിര്‍ത്തുകയായിരുന്നു എന്നുമാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, പൊലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ആംസ്‌ട്രോങ് കൊലക്കേസില്‍ അറസ്റ്റിലായ രണ്ടാമത്തെ പ്രതിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. നേരത്തേ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ അപ്പു എന്ന പ്രതിയെ പൊലീസ് കൊലപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് വെടിയുതിര്‍ത്തു എന്നുമായിരുന്നു അന്ന് പൊലീസ് പറഞ്ഞത്.

തമിഴ്‌നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ബി എസ് പി നേതാവ് ആംസ്‌ട്രോങ്ങിന്റെ കൊലപാതകം. ജൂലൈ അഞ്ചിനായിരുന്നു പേരംബൂരില്‍ വെച്ച് ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഇതുവരെ 29 പ്രതികളാണ് അറസ്റ്റിലായത്. ആംസ്‌ട്രോങ്ങിന്റെ കൊലപാതകം ഡിഎംകെ സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us