ഷിരൂർ: ഭാരത് ബെൻസിന്റെ ലോറി സി പി4-ൽ ഉണ്ടാകാനാണ് സാധ്യതയെന്നും അവിടെ ഡ്രഡ്ജിങ് ദുഷ്കരമായിരിക്കുമെന്നും റിട്ടയേഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ. ഷിരൂരിൽ എത്തിയശേഷം റിപ്പോർട്ടറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി4 മാർക്ക് ചെയ്തു കൊടുക്കുകയാണ് ലക്ഷ്യം. മണ്ണ് ദുഷ്കരമാണ്. ട്രക്കിന്റെ ഭാഗം നോക്കാൻ ചിലപ്പോൾ ഡൈവറേയും ഇറക്കേണ്ടിവരും. രണ്ട് ദിവസം ഷിരൂരിൽ തുടരുമെന്നു അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായി നടത്തുന്ന തിരച്ചിലിൽ ലോറിയുടെ ടയർ കണ്ടെത്തി. ലോറിയുടെ പിൻവശത്തെ ടയറാണ് കണ്ടെത്തിയത്. കയർ കുരുങ്ങിയ നിലയിലായിരുന്നു ടയർ. എന്നാൽ കണ്ടെത്തിയ ടയർ അർജുന്റെ വാഹനത്തിന്റേതല്ലെന്ന് ലോറി ഉടമ മനാഫ് റിപ്പോർട്ടറിനോട് പറഞ്ഞു. ഡ്രഡ്ജർ എത്തിച്ചുള്ള തിരച്ചിലാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
നേരത്തെ അർജുൻ ഓടിച്ചിരുന്ന ലോറിയായ ഭാരത് ബെൻസിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം കണ്ടെത്തിയിരുന്നു. ഇത് അർജുന്റെ ലോറിയുടെ ക്രാഷ് ഗാർഡ് ആണെന്ന് സംശയമുള്ളതായും മനാഫ് പ്രതികരിച്ചിരുന്നു. പോയിന്റ് 2-ൽ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. ഇതേ പോയിന്റിൽ നിന്ന് ലക്ഷ്മണിന്റെ ചായക്കടയുടെ ഷീറ്റും ഒരു തോൾ സഞ്ചിയും ഉൾപ്പടെ ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസത്തെ തിരച്ചിലിൽ കണ്ടെത്തിയ അസ്ഥിയുടെ ഭാഗം മനുഷ്യന്റേതല്ലെന്നും സ്ഥിരീകരിച്ചിരുന്നു. ഫോറൻസിക് സർജനും വെറ്റിനറി ഡോക്ടർമാരുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അസ്ഥി എഫ്എൽഎൽ ലാബിലേക്ക് അയക്കുന്നതിന് മുമ്പാണ് ഫോറൻസിക് സർജൻ പരിശോധന നടത്തിയത്.