വീണ്ടും വനിത; ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കന്‍ പ്രധാനമന്ത്രി

അനുര കുമാര ദിസനായകെ പ്രസിഡന്റായപ്പോള്‍ ദിനേശ് ഗുണവര്‍ധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

dot image

കൊളംബോ: ശ്രീലങ്കയുടെ പതിനാറാമത്തെ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ ചുമതലയേറ്റു.
എന്‍പിപി എംപിയായ ഹരിണി അധ്യാപികയും സാമൂഹികപ്രവര്‍ത്തകയുമാണ്. ശ്രീലങ്കയുടെ മൂന്നാമത്തെ
വനിതാ പ്രധാനമന്ത്രിയാണ്. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയായി ഹരിണി ചുമതലയേറ്റത്. അനുര കുമാര ദിസനായകെ പ്രസിഡന്റായപ്പോള്‍ ദിനേശ് ഗുണവര്‍ധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

അഴിമതിക്കെതിരെ പോരാടുമെന്നും സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ കരകയറ്റുമെന്നും അനുര സത്യപ്രതിജ്ഞ ചെയ്ത് പറഞ്ഞിരുന്നു. രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അനുര മാധ്യമങ്ങളോട് പറഞ്ഞു. സുസ്ഥിര സര്‍ക്കാരിനെ കെട്ടിപ്പൊക്കും. മുന്നോട്ടു തന്നെ പോകും. തന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സ്ഥാനമല്ല. ഉത്തരവാദിത്വമാണെന്നും അനുര മാധ്യമങ്ങളോട് പറഞ്ഞു. നൂറ്റാണ്ടുകളായി ശ്രീലങ്കന്‍ ജനത കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ അനുര എക്സില്‍ കുറിച്ചിരുന്നു. അതിനിടെ അനുരയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി.

ഞായറാഴ്ചയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമായ അന്‍പത് ശതമാനം വോട്ട് ലഭിച്ചിരുന്നില്ല. ദിസനായകെ ആദ്യഘട്ടത്തില്‍ 42.3 ശതമാനം വോട്ടും സജിത് പ്രേമദാസ 32.7 ശതമാനം വോട്ടുമാണ് നേടിയത്. സ്വതന്ത്രനായി മത്സരിച്ച റനില്‍ വിക്രമസിംഗെയ്ക്ക് 17.27 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ഇതോടെ റനില്‍ പുറത്തായി. തുടര്‍ന്ന് ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെണ്ണല്‍ നടന്നു. 2022 ല്‍ ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ വിജയമെന്നത് ശ്രദ്ധേയമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us