ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി. ടാങ്കറിന്റെ മഡ് ഗാര്‍ഡ് എന്ന് സംശയമുള്ള വസ്തുവാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കുശേഷം ലക്ഷ്മണന്റെ ദാബയ്ക്ക് പിന്നില്‍ ഗംഗാവലിപ്പുഴയില്‍ നടത്തിയ തിരച്ചിലിലാണ് ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഡ്രഡ്ജര്‍ സിപി 4ല്‍ തിരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്ച ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയായ ഭാരത് ബെന്‍സിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം കണ്ടെത്തിയിരുന്നു. നേരത്തെ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയര്‍ കണ്ടെത്തിയിരുന്നു. കയര്‍ അര്‍ജുന്റെ ലോറിയിലേതാണെന്ന് മനാഫ് പറഞ്ഞു. പോയിന്റ് 2 വില്‍ നടന്ന തെരച്ചിലിലാണ് കയറുള്‍പ്പെടെയുള്ളവ കണ്ടെത്തിയത്. ഇതേ പോയിന്റില്‍ നടത്തിയ തിരച്ചിലില്‍ ലക്ഷ്മണന്റെ ചായക്കടയുടെ ഷീറ്റ് കണ്ടെത്തിയിരുന്നു.
അതേസമയം തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞിരുന്നു. തിരച്ചിലിനാവശ്യമായ പണം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ ഫണ്ടില്‍ നിന്നും പണം സംഭാവന ചെയ്യുമെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പ്രധാന പോയിന്റുകളിലെല്ലാം തിരച്ചില്‍ നടത്തുകയാണ് പ്രധാന ഉദ്ദേശ്യം. നാലാം പോയിന്റില്‍ തിരച്ചില്‍ നടത്തിയിരുന്നു. ജനറല്‍ ക്യാപ്റ്റനും ഇവിടെ എത്തിയിട്ടുണ്ട്. വ്യക്തമായ പോയിന്റുകള്‍ അദ്ദേഹം അടയാളപ്പെടുത്തും. കഴിഞ്ഞ ദിവസം നേവിയും ഇന്ദ്രബാലനും അറിയിച്ച പോയിന്റുകളിലല്ല തിരച്ചില്‍ നടത്തുന്നതെന്ന് അര്‍ജുന്റെ സഹോദരി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ദ്രപാലനെ അന്വേഷണ സംഘത്തോടൊപ്പം കൊണ്ടുവന്നിട്ടുണ്ട്.
അര്‍ജുന്റെ സഹോദരി പറഞ്ഞ ഭാഗങ്ങളിലും തിരച്ചില്‍ നടത്തിയിട്ടുണ്ട്. ജിപിഎസ് സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. തിരച്ചിലിന് ചെലവ് എത്ര വന്നാലും അതേക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തിരച്ചിലിന് ആവശ്യമായ തുക നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ജില്ലാ അധികാരികള്‍ മുതല്‍ എല്ലാവരും ദൗത്യത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്. തിരച്ചിലിന് 25 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും നല്‍കും. എല്ലാ പോയിന്റുകളിലും ഒന്നൊന്നായി തിരച്ചില്‍ നടത്തും', എംഎല്‍എ സതീഷ് കൃഷ്ണ പറഞ്ഞു. വരും ദിവസങ്ങളിലും തിരച്ചില്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.