ലക്ഷ്യം പ്രൊമോഷനും അവധിയും പ്രശസ്തിയും; ട്രെയിന്‍ അട്ടിമറി ശ്രമത്തിന് പിന്നില്‍ റെയില്‍വേ ജീവനക്കാര്‍

അട്ടിമറി സംഭവം അധികൃതരെ അറിയിച്ചവര്‍ തന്നെയാണ് അട്ടിമറിക്ക് പിന്നിലെന്ന് കണ്ടെത്തി.

dot image

സൂറത്ത്; ഗുജറാത്തില്‍ റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം നടന്ന സംഭവത്തില്‍ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ട്രാക്ക്മാന്‍മാരായ സുഭാഷ് പോദാര്‍, മനിഷ്‌കുമാര്‍ സര്‍ദേവ് മിസ്ട്രി, കരാര്‍ ജീവനക്കാരനായ ശുഭം ജയ്‌സ്വാള്‍ എന്നിവരാണ് അറസ്റ്റിലായത്. അട്ടിമറി സംഭവം അധികൃതരെ അറിയിച്ചവര്‍ തന്നെയാണ് അട്ടിമറിക്ക് പിന്നിലെന്ന് കണ്ടെത്തി.

അട്ടിമറി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പ്രമോഷന്‍ ലഭിക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രശസ്തി നേടാമെന്നും കരുതിയാണ് സംഘം ശ്രമിച്ചതെന്നാണ് മൊഴി. സെപ്തംബര്‍ 21ന് പുലര്‍ച്ചെയാണ് റെയില്‍വേ ഉദ്യോഗസ്ഥനായ സുഭാഷ് പോദാര്‍ റെയില്‍ അട്ടിമറി ശ്രമം അധികൃതരെ അറിയിക്കുന്നത്. ട്രാക്കിലെ ലോക്കുകള്‍ അഴിച്ചനിലയിലാണെന്നും രണ്ട് റെയിലുകളെ ബന്ധിപ്പിക്കുന്ന ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റിയ നിലയിലാണെന്നുമാണ് സുഭാഷ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ സുഭാഷ് പോദാറിന്റെ മൊഴിയില്‍ സംശയം തോന്നിയ പൊലീസും എന്‍ഐഎയും വിശദമായ അന്വേഷണം നടത്തി. ലോക്കോപൈലറ്റുമാരുടെ മൊഴിയാണ് പ്രധാനമായും സംശയത്തിനിടയാക്കിയത്. അട്ടിമറി ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മുമ്പ് കടന്നുപോയ ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാര്‍ ട്രാക്കില്‍ ഒന്നും കണ്ടില്ലെന്നാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്.

റെയില്‍വേ ട്രാക്ക്മാനായ പോദാര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് 25 മിനിറ്റുകള്‍ മാത്രം മുമ്പാണ് ഡല്‍ഹി-രാജധാനി എക്സ്പ്രസ് കടന്നുപോയത്. 71 ബോള്‍ട്ടുകള്‍ നീക്കിയ നിലയിലും ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റിയ നിലയിലുമാണ് കാണപ്പെട്ടത്. എന്നാല്‍, ബോള്‍ട്ടുകള്‍ നീക്കാന്‍ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലുമെടുക്കും. ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റാന്‍ എല്ലാവര്‍ക്കും സാധിക്കില്ല. പരിചയസമ്പന്നരായ ആള്‍ക്കാര്‍ക്ക് കൃത്യമായ ഉപകരണം ഉപയോഗിച്ചാല്‍ തന്നെ കുറഞ്ഞത് 25 മിനിറ്റോളമെടുക്കും അത് ചെയ്യാന്‍. എടുത്തുമാറ്റിയ ഫിഷ് പ്ലേറ്റുകള്‍ അടുത്തുള്ള ട്രാക്കുകളില്‍ കിടക്കുന്നത് കണ്ടെന്ന് മറ്റു ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാരും പറഞ്ഞതോടെ സംഭവസ്ഥലത്തുള്ളവര്‍ തന്നെയാണ് ചെയ്തതെന്ന് അന്വേഷണം സംഘം ഉറപ്പിച്ചു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us