അമരാവതി: ആന്ധപ്രദേശ് രാഷ്ട്രീയത്തിൽ കൊടുങ്കാറ്റായി മാറുമ്പോഴും വില്‍പ്പനയില്‍ മുന്നോട്ട് കുതിക്കുകയാണ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ ലഡ്ഡു. തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന വാദങ്ങൾ തുടരുമ്പോഴും പ്രതിദിനം 60000 ലഡ്ഡുകളാണ് തിരുപ്പതി ക്ഷേത്രത്തിൽ നിന്നും വിറ്റഴിക്കപ്പെടുന്നതെന്നാണ് കണക്ക്.
നാല് ദിവസത്തിനുള്ളിൽ വിറ്റത് 14 ലക്ഷം ലഡ്ഡുവാണെന്ന് എൻഡിടിവി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പ്രതിദിനം 3.50 ലക്ഷമാണ് വിൽക്കപ്പെടുന്ന തിരുപ്പതി ലഡ്ഡുവിന്റെ ശരാശരി കണക്കെന്നാണ് റിപ്പോർട്ട്. മൂന്ന് ലക്ഷത്തിലധികം ലഡ്ഡുകളാണ് ക്ഷേത്രത്തിൽ ഉണ്ടാക്കുന്നത്. മൂന്ന് നൂറ്റാണ്ടോളമായി ശ്രീവാരി ലഡ്ഡു എന്നറിയപ്പെടുന്ന തിരുപ്പതി ലഡ്ഡുവാണ് വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാട്. കടലമാവ്, പഞ്ചസാര, കശുവണ്ടി, ഏലം, നെയ്യ്, ബദാം, ഉണക്കമുന്തിരി തുടങ്ങിയവ ചേർത്താണ് തിരുപ്പതി ലഡ്ഡു തയ്യാറാക്കുന്നത്. പ്രതിദിനം 15000 കിലോഗ്രാം നെയ്യാണ് തിരുപ്പതി ലഡ്ഡുവിന്റെ നിർമാണത്തിനായി ഉപയോഗിക്കുന്നത്.
വൈഎസ്ആർ കോൺഗ്രസ് ഭരണകാലത്ത് മൃഗക്കൊഴുപ്പടങ്ങിയ നെയ്യ് ലഡ്ഡുവുണ്ടാക്കാൻ ഉപയോഗിച്ചുവെന്നാണ് നിലവിലെ ആരോപണം. ആന്ധ്രാപ്രദേശിലെ അമരാവതിയിൽ നടന്ന എൻഡിഎ ഘടകക്ഷി എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് വിവാദത്തിന് തിരികൊളുത്തിയത്. ലഡുവിൽ മൃഗകൊഴുപ്പിന്റെ അംശം കണ്ടെത്തിയതിനു തെളിവായി ലാബ് റിപ്പോർട്ടും അദ്ദേഹം പുറത്തുവിട്ടിരുന്നു. മൃഗ കൊഴുപ്പ് , മത്സ്യ എണ്ണ എന്നിവ ലഡ്ഡുവിലുള്ളതായി കണ്ടെത്തിയെന്നാണ് ആരോപണം. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്പ്മെന്റിന്റെ കീഴിലുള്ള സെന്റർ ഫോർ അനാലിസിസ് ആൻഡ് ലേർണിംഗ് ഇൻ ലൈവ്സ്റ്റോക് ആൻഡ് ഫുഡ് (CALF) ആണ് പരിശോധന ഫലം പുറത്തുവിട്ടത്.
ആന്ധ്ര രാഷ്ട്രീയത്തിൽ ലഡ്ഡു വാക്പോര് ശക്തമാകുന്നതിനിടെ നടൻ കാർത്തി നടത്തിയ പരാമർശവും വിവാദമായിരുന്നു. ലഡ്ഡു സെൻസിറ്റീവ് വിഷയമാണെന്നും അതേക്കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ടതില്ലെന്നുമായിരുന്നു മെയ്യഴകന്റെ പ്രൊമോഷൻ ചടങ്ങിനിടെ അദ്ദേഹത്തിന്റെ പരാമർശം. സംഭവത്തിൽ ഉപമുഖ്യമന്ത്രി പവൻ കല്യാൺ അതൃപ്തിയറിയിച്ചതോടെ വീണ്ടും വിവാദം കനത്തു. സനാതന വിഷയത്തിൽ ഒരു വാക്ക് പറയുന്നതിന് മുമ്പ് നൂറ് വട്ടം ചിന്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ ക്ഷമാപണം നടത്തി കാർത്തിയും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം വിഷയത്തിൽ കുറ്റക്കാരായവരെ കണ്ടെത്തി ശിക്ഷ നൽകുന്നതിന് പ്രധാന്യം കൊടുക്കണമെന്നും ദേശീയ തലത്തിൽ അനാവശ്യ വിവാദം ഒഴിവാക്കണമെന്നും നടൻ പ്രകാശ് രാജ് പവൻ കല്യാണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. താൻ ഒരു മതത്തെയും ഉന്നംവെച്ച് പരാമർശം ഉന്നയിച്ചിട്ടില്ലെന്നാണ് പവൻ കല്യാണിന്റെ മറുപടി. നിലവിൽ തിരക്കിലാണെന്നും വഴിയേ മറുപടി നൽകാമെന്നുമാണ് പ്രകാശ് രാജിന്റെ പ്രതികരണം.
തിരുപ്പതി ലഡുവിനെ കുറിച്ചുള്ള പരാമർശങ്ങളിൽ ആന്ധ്രാ ഉപമുഖ്യമന്ത്രിയോട് നടൻ കാർത്തി മാപ്പ് പറഞ്ഞിരുന്നു. മനപ്പൂർവ്വം നടത്തിയ പരാമർശമല്ലെന്നും താനും വെങ്കിടേശ്വര ഭക്തനാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ക്ഷമാപണം.
'പവൻ കല്യാൺ സർ, താങ്കളോടുള്ള എല്ലാ ബഹുമാനത്തോടും കൂടി സംഭവിച്ച തെറ്റിദ്ധാരണകൾക്ക് മാപ്പ് ചോദിക്കുന്നു. വെങ്കിടേശ്വര ഭക്തനെന്ന നിലയിൽ നമ്മുടെ ആചാരങ്ങളെ ഏറ്റവും ബഹുമാനത്തോടെ നെഞ്ചോട് ചേർക്കുന്നയാളാണ് ഞാൻ,' കാർത്തി എക്സിൽ കുറിച്ചു.