സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ പിഴ; പോരാടാന്‍ കൂടെ നിന്ന ഒരേയൊരു നേതാവ് യെച്ചൂരിയെന്ന് ഒരു ഗ്രാമം

യെച്ചൂരി നല്‍കിയ പിന്തുണയെക്കുറിച്ച് ഗ്രാമവാസികള്‍ സംസാരിച്ചു

dot image

കര്‍ണാടകയിലെ ഹോളനരസിപൂര്‍ താലൂക്കിലെ സിഗരനഹള്ളി നിവാസികള്‍ക്ക് സീതാറാം യെച്ചൂരി പ്രിയപ്പെട്ട നേതാവാണ്. അതുകൊണ്ടുതന്നെ സെപ്തംബര്‍ 12 ന് അന്തരിച്ച സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആ ഗ്രാമം മുഴുവന്‍ കഴിഞ്ഞ ദിവസം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് സമരം നയിച്ച് തങ്ങള്‍ക്കൊപ്പം നിന്ന നേതാവാണ് യെച്ചൂരിയെന്ന് ഗ്രാമവാസികള്‍ വീണ്ടും ഓര്‍ത്തു.

പിന്നാക്ക ജാതികളില്‍പ്പെട്ടവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടത്തിന് യെച്ചൂരി നല്‍കിയ പിന്തുണയെക്കുറിച്ച് ഗ്രാമവാസികള്‍ സംസാരിച്ചു. ഒരു ദേശീയ പാര്‍ട്ടിയെ നയിക്കുന്ന രാഷ്ട്രീയക്കാരനായ യെച്ചൂരി തങ്ങളുടെ സ്ഥലം സന്ദര്‍ശിക്കുമെന്നും തങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കുമെന്നും പിന്തുണ നല്‍കുമെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗ്രാമത്തിലെ ദളിതരായ തായമ്മ, പത്മമ്മ, രാജു, ലോകേഷ് തുടങ്ങിയവര്‍ പറഞ്ഞു.

പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലിയിലും പ്രതിനിധീകരിച്ച പ്രാദേശിക രാഷ്ട്രീയക്കാര്‍ പോലും പ്രദേശം സന്ദര്‍ശിക്കാന്‍ പ്രയാസപ്പെട്ടപ്പോഴും, സുഹൃത്തുക്കളുടെ എതിര്‍പ്പ് അവഗണിച്ച് യെച്ചൂരി ഗ്രാമവാസികളെ കാണാന്‍ എത്തിയിരുന്നു. നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പലരും ക്ഷേത്രത്തില്‍ പ്രവേശിച്ച സ്ത്രീകള്‍ക്കെതിരെ
പിഴ ചുമത്തിയ ആളുകളെ പിന്തുണയ്ക്കുകയായിരുന്നു. പക്ഷേ യെച്ചൂരി ഞങ്ങള്‍ക്ക് പിന്തുണ നല്‍കി, ഗ്രാമവാസികള്‍ പറഞ്ഞു.

2015 ഓഗസ്റ്റ് 31 ന്, പ്രാദേശിക വനിതാ സ്വയം സഹായ സംഘത്തിന്റെ പ്രതിവാര യോഗത്തിന് ശേഷം മറ്റ് അംഗങ്ങള്‍ക്കൊപ്പം നാല് സ്ത്രീകള്‍ ഗ്രാമത്തിലെ ബസവേശ്വര ക്ഷേത്രം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് വലിയ പ്രതിഷേധം അരങ്ങേറിയത്. നാല് പട്ടികജാതി സ്ത്രീകളുടെ ക്ഷേത്ര പ്രവേശനത്തെ 'മേല്‍ജാതി'ക്കാര്‍ എതിര്‍ത്തു. സ്ത്രീകളുടെ പ്രവേശനം ക്ഷേത്രത്തിന്റെ പവിത്രത കെടുത്തിയെന്ന് ചൂണ്ടിക്കാട്ടി അവര്‍ സ്ത്രീകളുടെ സംഘത്തോട് പിഴയടക്കാന്‍ പറഞ്ഞു. ഇത് ദളിത് കോളനി നിവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു.

സിപിഐഎം, ദളിത് സംഘര്‍ഷ സമിതി (ഡിഎസ്എസ്), മാഡിഗ ദണ്ഡോര സമിതി, ദളിത് ഹക്കുഗല സമിതി (ഡിഎച്ച്എസ്) തുടങ്ങിയവരുടെ ഹാസന്‍ ജില്ലാ ഘടകം ഗ്രാമവാസികളെ പിന്തുണച്ചു രംഗത്തുവന്നു. ക്ഷേത്രത്തില്‍ വ്യക്തികളുടെ പ്രവേശനം നിയന്ത്രിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. ഹാസന്‍ ജില്ലാ ഭരണകൂടം ദളിതരെ ക്ഷേത്രത്തിനുള്ളില്‍ കൊണ്ടുപോയി. 'ഉന്നത' ജാതിക്കാര്‍ ഈ നീക്കത്തെ എതിര്‍ത്തു. 2016 ഏപ്രിലില്‍ പ്രശ്‌നം അക്രമാസക്തമായി. ദളിതരുടെ ക്ഷേത്രപ്രവേശനത്തെ എതിര്‍ത്ത സംഘം സമാധാന യോഗത്തിനിടെ കല്ലെറിയുകയും ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ചൂരല്‍ പ്രയോഗം നടത്താന്‍ പൊലീസിനെ നിര്‍ബന്ധിക്കുകയും ചെയ്തു. 2016 ജൂലൈ 24ന് യെച്ചൂരി ഗ്രാമത്തിലെത്തി പിഴയടക്കാന്‍ പറഞ്ഞ സ്ത്രീകളുമായി സംവദിച്ചു. യെച്ചൂരിയാണ് പോരാടാനുള്ള ധൈര്യം നല്‍കി കൂടെ നിന്നതെന്നും അനുസ്മരണ യോഗത്തില്‍ ഗ്രാമവാസികള്‍ പറഞ്ഞു.

dot image
To advertise here,contact us
dot image