ന്യൂഡൽഹി: രാജ്യസഭയിൽ നിന്നും രാജിവെച്ച് വൈഎസ്ആർ കോൺഗ്രസ് എംപി ആർ കൃഷ്ണയ്യ. മൂന്നാമത്തെ വൈഎസ്ആർ കോൺഗ്രസ് എംപിയാണ് രാജ്യസഭയിൽ നിന്നും രാജി പ്രഖ്യാപിക്കുന്നത്. പിന്നാക്ക വിഭാഗ നേതാവായ ആർ കൃഷ്ണയ്യ കൂടി രാജിവെച്ചതോടെ വെട്ടിലായിരിക്കുകയാണ് വൈഎസ്ആർ കോൺഗ്രസ് നേതാവും മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ വൈ എസ് ജഗൻ മോഹൻ റെഡ്ഡി.
ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിക്ക് ഒരു എംപി പോലുമില്ലാതിരുന്ന സമയത്ത് രാജ്യസഭയിൽ 11 അംഗങ്ങളായിരുന്നു വൈഎസ്ആർ കോൺഗ്രസിനുണ്ടായിരുന്നത്. തുടർച്ചയായി വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ രാജ്യസഭയിൽ നിന്നും രാജിവെക്കുന്നതോടെ ഉപതിരഞ്ഞെടുപ്പ് നടക്കും. ഇത് ബിജെപി രാജ്യസഭയിലേക്ക് പ്രവേശിക്കുന്നതിന് വഴിവെച്ചേക്കുമെന്നുമാണ് നിരീക്ഷണം.
പാർട്ടി മാറ്റത്തിന് പ്രമുഖനാണ് പിന്നാക്ക വിഭാഗം നേതാവും മുൻ എംഎൽഎയുമായ കൃഷ്ണയ്യ. 2014ൽ തെലങ്കാനയിലെ ടിഡിപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. പിന്നീട് 2022ൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള വൈഎസ്ആർസിപി എംപിയായി. ഇക്കുറി ബിജെപിക്കൊപ്പം ചേർന്നേക്കുമെന്ന സൂചനകളും നിലനിൽക്കുന്നുണ്ട്.
ഓഗസ്റ്റ് 29ന് രണ്ട് വൈഎസ്ആർ കോൺഗ്രസ് എംപിമാരായ വെങ്കട്ടരാമണ റാവു, ബീദ മസ്കാൻ റാവു എന്നിവർ രാജിവെച്ചിരുന്നു. ഇരുവരും എൻഡിഎ സഖ്യകക്ഷിയായ ടിഡിപിക്കൊപ്പം ചേരാനാണ് സാധ്യത.