ലഖ്‌നൗവില്‍ ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു; ജോലി സമ്മര്‍ദ്ദമെന്ന് ആരോപണം

അടിസ്ഥാന രഹിതമായ നിര്‍ദേശങ്ങള്‍ നല്‍കുകയല്ല, മറിച്ച് പ്രശ്‌നം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് അഖിലേഷ് യാദവ്

dot image

ലഖ്‌നൗ: ലഖ്‌നൗവില്‍ എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു. സദഫ് ഫാത്തിമ(43)യാണ് മരിച്ചത്. ജോലിസമ്മര്‍ദ്ദമാണ് മരണകാരണമെന്നാണ് ആരോപണം. ഗോമതി നഗറിലെ വിബുതി ഖാന്ദ് ശാഖയിലെ അഡീഷണല്‍ ഡെപ്യൂട്ടി വൈസ് പ്രസിഡന്റാണ് മരിച്ച സദഫ് ഫാത്തിമ. കഴിഞ്ഞ ദിവസം ഓഫീസിനുള്ളില്‍ കസേരയിലിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സര്‍ക്കാര്‍, സ്വകാര്യ ജോലി സ്ഥലങ്ങളിലെ സമ്മര്‍ദ്ദം ഒരുപോലെയാണെന്നും ആളുകള്‍ നിര്‍ബന്ധമായും പ്രവര്‍ത്തിക്കേണ്ടി വരികയാണെന്നും സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് പ്രതികരിച്ചു. സംസാരിക്കാന്‍ പോലും അവകാശമില്ലാത്തതിനാല്‍ താല്‍ക്കാലിക ജീവനക്കാരെക്കാള്‍ മോശമാണ് സ്ഥിരം ജോലിക്കാരുടെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന രഹിതമായ നിര്‍ദേശങ്ങള്‍ നല്‍കുകയല്ല, മറിച്ച് പ്രശ്‌നം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് അഖിലേഷ് യാദവ് എക്‌സിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരിച്ചതിന് പിന്നാലെ ദൈവ വിശ്വാസമുണ്ടെങ്കില്‍ ജോലി സമ്മര്‍ദ്ദം കുറയ്ക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചിരുന്നു. ഇതിനെ പരിഹസിക്കുന്ന രീതിയിലായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം.

'തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് പകരം, ഈ ദുരിതത്തിന്റെയിടയില്‍ യുവാക്കളെ കൂടുതല്‍ നിരാശപ്പെടുത്തുകയാണ് ധനമന്ത്രി. അവരുടെ സര്‍ക്കാരിന് ഒരു ആശ്വാസവും നല്‍കാനും ഒരു പുരോഗതിയും കൊണ്ടുവരാനും സാധിക്കുന്നില്ലെങ്കില്‍ ചെയ്യണ്ട. പക്ഷേ ഹൃദയശൂന്യവും വിവേക ശൂന്യവുമായ ഉപദേശങ്ങള്‍ നല്‍കി ജനരോഷം വര്‍ധിപ്പിക്കരുത്,' അഖിലേഷ് യാദവ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us