ഹൈദരാബാദ്: തിരുപ്പതി ലഡ്ഡു വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചന്ദ്രബാബു നായിഡുവിന്റെ പാപങ്ങൾ കഴുകിക്കളയാൻ പൂജ ചെയ്യാൻ വൈഎസ്ആർ കോൺഗ്രസ് നേതാവ് വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ ആഹ്വാനം. ആന്ധ്രയിലെ മുഴുവൻ ഭക്തരെയുമാണ് പൂജയിലേക്കായി ജഗൻ ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബർ 28 ശനിയാഴ്ച സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിലാണ് പൂജ.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നശിപ്പിച്ച, തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ പവിത്രത തിരിച്ചുകൊണ്ടുവരുന്നതിനാണ് പൂജ ചെയ്യുന്നതെന്ന് ജഗൻ അറിയിച്ചു. ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പായിരുന്നു ഉപയോഗിച്ചിരുന്നതെന്ന നായിഡുവിന്റെ ആരോപണം ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിച്ചുവെന്നാണ് ജഗൻമോഹൻ റെഡ്ഡിയുടെ വാദം. നായിഡുവിന്റെ വ്യാജ ആരോപണങ്ങൾക്കെതിരെ ഉറച്ച് നിൽക്കാനും ജഗൻ ജനങ്ങളോട് എക്സിലൂടെ ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ സംസ്കാരം തന്നെ തകർക്കുന്നതാണ് നായിഡുവിന്റെ വാക്കുകളെന്നും ജഗൻ ആരോപിച്ചു.
'തിരുമലയുടെ പവിത്രത, സ്വാമിയുടെ പ്രസാദത്തിന്റെ പ്രാധാന്യം, വെങ്കടേശ്വരന്റെ മാഹാത്മ്യം, തിരുമല തിരുപ്പതി ദേവസ്വത്തിന്റെ ഖ്യാതി, ലഡ്ഡു പ്രസാദത്തിന്റെ പരിശുദ്ധി എല്ലാം ചന്ദ്രബാബു നായിഡു മലിനമാക്കി. രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ പ്രസാദത്തിൽ മൃദക്കൊഴുപ്പ് ചേർത്തെന്ന കള്ളം നായിഡു പ്രചരിപ്പിച്ചു. ഇതുവഴി തങ്ങൾ കഴിച്ചത് അശുദ്ധമായ പ്രസാദമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു'; വൈ എസ് ജഗൻ മോഹൻ റെഡ്ഡി എക്സിൽ കുറിച്ചു.
ചന്ദ്രബാബു നായിഡു ചെയ്ത ഈ പാപം കഴുകിക്കളയാൻ സംസ്ഥാനവ്യാപകമായി ക്ഷേത്രങ്ങളിൽ സെപ്റ്റംബർ 28ന് ശുദ്ധികലശം നടത്താനാണ് വൈഎസ്ആർ കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെ കള്ളപ്രചാരണം ലക്ഷക്കണക്കിന് വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ജഗൻ പറഞ്ഞു.
ജഗൻമോഹൻ റെഡ്ഡിയുടെ ഭരണകാലത്ത് ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വിവാദ പരാമർശം. എന്നാൽ ഈ ആരോപണം നിഷേധിച്ച് വൈഎസ്ആർ കോൺഗ്രസ് ഉടൻ രംഗത്തെത്തിയിരുന്നു. മാത്രമല്ല, തിരുമല ക്ഷേത്രത്തിൽ നിലവാരം കുറഞ്ഞ നെയ് ഉപയോഗിക്കുന്നില്ലെന്ന് തിരുമല തിരുപ്പതി ദേവസ്വവും അറിയിച്ചു.