'അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് കൈമാറും'; മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ് കാർവാർ എംഎൽഎ

'ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തു. ഇനി ഞങ്ങളുടെ പൗരന്മാർക്കായുള്ള തിരച്ചിൽ പുരോ​ഗമിക്കും'

dot image

ബെം​ഗളൂരു: ​ഗം​ഗാവലിപ്പുഴയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ അർജുന്റെ മൃതദേഹ ഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ. കാണാതായ കർണാടക സ്വദേശികൾക്കായുള്ള തിരച്ചിൽ തുടരുമെന്നും മലയാള മാധ്യമപ്രവർത്തകരോട് നന്ദി പറയുന്നുവെന്നും സതീഷ് കൃഷ്ണ സെയിൽ പറ‍ഞ്ഞു.

ലോറിയും മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ പകുതിയോളം ഭാ​ഗങ്ങൾ കണ്ടെത്തി. അവശേഷിക്കുന്നവ ലോറിക്കുള്ളിൽ ഉണ്ടാകാനാണ് സാധ്യത. നിർദ്ദേശപ്രകാരം അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് കൈമാറും. നാളെയും പ്രദേശവാസികളായ ജഗന്നാഥനും ലോകേഷിനുമായുള്ള തിരച്ചിൽ തുടരും.

'പലരും പറഞ്ഞിരുന്നു പണം അനാവശ്യമായി ചിലവഴിക്കുന്നതാണ്, മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനാണ് എന്നൊക്കെ. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തു. ഇനി ഞങ്ങളുടെ പൗരന്മാർക്കായുള്ള തിരച്ചിൽ പുരോ​ഗമിക്കും'; അദ്ദേഹം പറഞ്ഞു.

നിങ്ങൾ (മാധ്യമപ്രവർത്തകർ) മടങ്ങിപ്പോകരുതെന്നാണ് ആ​ഗ്രഹം. നിങ്ങൾ കാരണമാണ് ഇന്ന് ഞങ്ങൾ പോലും ഇവിടെ നിൽക്കുന്നത്. ​ഗംഗാമാതാവിനോട് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർജുനെ കാണാതായി തിരച്ചിൽ ആരംഭിച്ചത് മുതൽ തിരച്ചിലിന് പരിപൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു സതീഷ് കൃഷ്ണ സെയിൽ.

കാണാതായി 72ാം പക്കമാണ് അർജുന്റെ മൃതദേഹം കണ്ടെത്തുന്നത്. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയും ക്യാബിനിൽ കുടുങ്ങിയ നിലയിൽ അർജുന്റെ മൃതദേഹവും കണ്ടെത്തിയത്. നിരവധി സമ്മർദ്ദങ്ങളും വെല്ലുവിളികളും കടന്ന് പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്.

ജൂലൈ പതിനാറിന് ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്. അർജുനൊപ്പം ലോറിയും കാണാതായി. അർജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകിയെങ്കിലും തുടക്കത്തിൽ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടാകുകയും ചെയ്തതിന് പിന്നാലെ തിരച്ചിൽ നടത്താൻ ഭരണകൂടം തയ്യാറായി. പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യത കൂടി കണക്കിലെടുത്തായിരുന്നു ജില്ലാ ഭരണകൂടം തിരച്ചിൽ നടത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയർന്ന സംശയം.

ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി. എന്നാൽ ലോറി കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് സോണാർ പരിശോധനയിൽ ഗംഗാവലി പുഴയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ മോശം കാലാവസ്ഥയും പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുകയായിരുന്നു. തുടന്ന് അർജുന്റെ മാതാപിതാക്കൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചിൽ പുനരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് തിരച്ചിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഓഗസ്റ്റ് പതിനാറിന് നിർത്തിവെച്ച രക്ഷാപ്രവർത്തനമാണ് ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിച്ചതോടെ പുനരാരംഭിച്ചത്.

dot image
To advertise here,contact us
dot image