'കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാനം നന്ദി പറയണം'; അര്‍ജുന്‍ ദൗത്യത്തില്‍ പ്രതികരണവുമായി എം കെ രാഘവന്‍ എംപി

ലോറിക്കുള്ളില്‍ നിന്നും അര്‍ജുന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു.

dot image

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തിയതില്‍ കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ നന്ദി പറയണമെന്ന് എം കെ രാഘവന്‍ എംപി. തിരച്ചിലിനുള്ള ചെലവ് മുഴുവന്‍ വഹിച്ചത് കര്‍ണാടക സര്‍ക്കാരാണെന്നും എംപി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അര്‍ജുന്റെ വീട്ടില്‍ വൈകുന്നേരം പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'71ാമത്തെ ദിവസമാണ് വാഹനം കണ്ടെത്തിയത്. പുഴയ്ക്കുള്ളില്‍ അതിശക്തമായ അടിയൊഴുക്കായിരുന്നു ഉണ്ടായത്. അടിയൊഴുക്ക് 2.1 എത്തിയപ്പോഴാണ് ഇറങ്ങി കണ്ടെത്താന്‍ സാധിച്ചത്. ഡ്രഡ്ജര്‍ ആവശ്യമായിരുന്നു. 40 ലക്ഷമെന്നായിരുന്നു ഗോവയിലെ കമ്പനി ഞങ്ങളോട് പറഞ്ഞത്. പിന്നീട് 90 ലക്ഷമായി ഉയര്‍ന്നു. അതിലൊരു ആശയക്കുഴപ്പമുണ്ടായപ്പോഴാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെ പോയി കണ്ട് സംസാരിച്ചത്. അദ്ദേഹം അപ്പോള്‍ തന്നെ കളക്ടറെ വിളിച്ച് കാശ് നോക്കരുതെന്ന് പറഞ്ഞ് നിര്‍ബന്ധമായും ഡ്രഡ്ജര്‍ തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ഡ്രഡ്ജറെത്തി മൂന്ന് ദിവസമായുള്ള തിരച്ചിലില്‍ കണ്ടെത്താന്‍ കഴിഞ്ഞു. മൃതദേഹം കണ്ടെത്താന്‍ കര്‍ണാടക സര്‍ക്കാര്‍ കാണിച്ച ദൃഢനിശ്ചയത്തിന് ഇവിടുത്തെ സര്‍ക്കാര്‍ നന്ദി പറയണം,' എം കെ രാഘവന്‍ പറഞ്ഞു.

ഗംഗാവലി പുഴയില്‍ സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. ലോറിക്കുള്ളില്‍ നിന്നും അര്‍ജുന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us