ഭുവനേശ്വർ: പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ വഴിപാട് തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യ്‌യുടെ ഗുണനിലവാരം പരിശോധിക്കാനൊരുങ്ങി ഒഡീഷ സർക്കാർ. ഇതുവരെ ക്ഷേത്രത്തിലെ പ്രസാദത്തെ കുറിച്ച് പരാതികൾ ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒഡീഷ മിൽക് ഫെഡറേഷൻ മാത്രമാണ് ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യുന്നതെന്നും പുരി ജില്ലാ കളക്ടർ സിദ്ധാർത്ഥ് ശങ്കർ സ്വെയിൻ പറഞ്ഞു.
ആന്ധ്രപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ ലഡ്ഡു നിർമിക്കാനുപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയത് സംബന്ധിച്ച് വിവാദം ശക്തമാകുന്നതിനിടെയാണ് ഗുണനിലവാരം പരിശോധിക്കാനുള്ള തീരുമാനം.
ഭാവിയിൽ പ്രസാദം സംബന്ധിച്ച വിവാദങ്ങൾ ഒഴിവാക്കാനാണ് നിലവിൽ ഗുണനിലവാര പരിശോധന നടത്തുന്നതെന്നും കളക്ടർ അറിയിച്ചു. സംഭവത്തിൽ ഓംഫെഡുമായും ക്ഷേത്ര അധികാരികളുമായും വിശദമായ ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ വിതരണം ചെയ്ത ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയിരുന്നു. ഗുജറാത്തിലെ നാഷണൽ ഡയറി ഡവലപ്‌മെന്റ് ബോർഡിന് കീഴിൽ നടത്തിയ പരിശോധനയിലാണ് തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയുടെ അംശവും കണ്ടെത്തിയത്. നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പരിശോധന ഫലം പുറത്തുവിട്ട് വലിയ വിവാദത്തിന് തിരികൊളുത്തിയത്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ വൈഎസ്ആർസിപി സർക്കാരിനെ ഉന്നമിടുകയായിരുന്നു റെഡ്ഡിയുടെ പ്രധാനലക്ഷ്യം. എന്നാൽ വൈഎസ്ആർസിപി ആരോപണം നിഷേധിക്കുകയായിരുന്നു.