ബെംഗളുരു: മുഡ അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കുരുക്ക് മുറുകുന്നു. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കോടതി ഉത്തരവിട്ടു. ലോകായുക്തയുടെ മൈസൂരു ജില്ലാ പൊലീസ് കേസന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിർദേശം.
ഇതോടെ മൈസൂരു നഗര വികസന അതോറിറ്റി അഥവാ മുഡയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിദ്ധരാമയ്യക്കെതിരെ ആദ്യമായി കേസ് രെജിസ്റ്റർ ചെയ്യപ്പെടുകയാണ്. സാമൂഹ്യ പ്രവർത്തകനായ സ്നേഹമയി കൃഷ്ണ നൽകിയ സ്വകാര്യ അന്യായത്തിലാണ് ജനപ്രതിനിധികളുടെ കോടതി സിദ്ധരാമയ്യയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ലോകായുക്തയുടെ മൈസൂരു ജില്ലാ പൊലീസ് അധികാരികൾക്കാണ് അന്വേഷണ ചുമതല. സിദ്ധരാമയ്യയെ പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കോടതിയുടെ നിർദേശം.
മുഡ ഭൂമി കുംഭകോണ ആരോപണത്തിൽ സിദ്ധരാമയ്യയ്ക്കെതിരെ അന്വേഷണ നടപടികൾക്ക് കർണാടക ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ട് നേരത്തെ അനുമതി നൽകിയിരുന്നു. കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം ഇത് ശരിവെച്ച സാഹചര്യത്തിൽ കേസ് രെജിസ്റ്റർ ചെയ്യാൻ നിയമ തടസമില്ല. അതേസമയം കർണാടക ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് മേൽക്കോടതിയെ സമീപിക്കാനിരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമ വിദഗ്ധരുമായും പാർട്ടി ഹൈക്കമാന്റുമായും കൂടിയാലോചിച്ച് സിദ്ധരാമയ്യ ഹർജി നൽകും.