ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച നടപടിക്കെതിരായ കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. കേസിലെ പ്രതികളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചു എന്നായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. ഇത് കോടതി റെക്കോര്‍ഡില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി നിരസിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയത്. ഗുജറാത്ത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു സുപ്രീംകോടതി ഉന്നയിച്ചത്. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അധികാരത്തിലേക്ക് ഗുജറാത്ത് സര്‍ക്കാര്‍ കടന്നുകയറിയെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കുറ്റവാളികള്‍ ഗുജറാത്ത് സര്‍ക്കാരിനെ സമീപിക്കാനുള്ള അനുകൂല ഉത്തരവ് നേടിയതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
2002 ലെ ഗുജറാത്ത് കലാപത്തില്‍ അതിക്രൂരമായ ആക്രമണമാണ് ബില്‍ക്കിസ് ബാനു നേരിട്ടത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. ബില്‍ക്കിസ് ബാനുവിന്റെ കുഞ്ഞിനെ എറിഞ്ഞ് കൊല്ലുകയും ചെയ്തു. കുഞ്ഞുള്‍പ്പെടെ കുടുംബത്തിലെ പതിനാല് പേരെയാണ് കലാപത്തില്‍ ബില്‍ക്കിസിന് നഷ്ടമായത്. രാധേശ്യാം ഷാ, ജസ്വന്ത് ചതുര്‍ഭായ് നായി, കേശുഭായ് വദാനിയ, ബകാഭായ് വദാനിയ, രാജിഭായ് സോണി, രമേഷ്ഭായ് ചൗഹാന്‍, ശൈലേഷ്ഭായ് ഭട്ട്, ബിപിന്‍ ചന്ദ്ര ജോഷി, ഗോവിന്ദ്ഭായ് നായി, മിതേഷ് ഭട്ട്, പ്രദീപ് മോഡിയ എന്നിവരാണ് കേസിലെ പ്രതികള്‍. 2008 ല്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചു. 2017 ല്‍ വിചാരണക്കോടതി വിധി മുംബൈ ഹൈക്കോടതി ശരിവെച്ചു. ഇതിനിടെയാണ് പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നീക്കം നടത്തിയത്. ഇതിനെതിരെ ബില്‍ക്കിസ് ബാനു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.