ന്യൂഡൽഹി: പ്രമുഖ എഡ്-ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിയെ വിമർശിച്ച് സുപ്രീം കോടതി. സമീപ കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ബൈജൂസ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് സുപ്രീം കോടതിയുടെ വിമർശനവും. 15,000 കോടി രൂപയുടെ കടമുളള കമ്പനി എന്തുകൊണ്ടാണ് ബിസിസിഐയുടെ കടം മാത്രം ഒത്തുതീർപ്പാക്കിയതെന്ന് സുപ്രീം കോടതി ചോദിച്ചു.
ഈ വർഷം ഓഗസ്റ്റ് രണ്ടിനാണ് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയ്ക്ക് ( ബിസിസിഐ) നൽകാനുള്ള 158.9 കോടി രൂപയുടെ സെറ്റിൽമെന്റിന് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻസിഎൽടി) അനുമതി നൽകിയിരുന്നു.
വീണ്ടും കമ്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ആഗസ്റ്റ് 14ാം തിയ്യതി വീണ്ടും പ്രവർത്തനങ്ങൾക്ക് കോടതി സ്റ്റേ ലഭിച്ചു. ബൈജൂസിൽ നിക്ഷേപമുള്ള യുഎസിലെ ഗ്യാസ് ട്രസ്റ്റ് കമ്പനിയായ എൽഎൽസി സുപ്രീം കോടതിയെ സമീപിച്ചതോടെയായിരുന്നു ഇത്തരത്തിലൊരു നടപടി.
ഒത്തുതീർപ്പിന്റെ ഭാഗമായി ബിസിസിഐക്ക് ലഭിച്ച തുക പ്രത്യേകമായ ഒരു ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാനാണ് കോടതിയുടെ നിർദേശം. നിലവിൽ 15,000 കോടി രൂപയുടെ കടബാധ്യതയാണ് ബൈജൂസിനുളളത്. ഈ സാഹചര്യത്തിലാണ് എന്തുകൊണ്ട് ബിസിസിഐയുടെ മാത്രം ബാധ്യത ഒത്തുതീർപ്പാക്കിയെന്ന ചോദ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2019ലാണ് ബൈജൂസും, ബിസിസിഐയും ടീം സ്പോൺസർ കരാറിൽ ഒപ്പിട്ടത്. 2022 പകുതി വരെ ബൈജൂസ് പേയ്മെന്റ് കൃത്യമായി നൽകിയെങ്കിലും പിന്നീട് മുടങ്ങിയെന്നാണ് കേസ്. ഇത്തരത്തിൽ 158.9 കോടിയുടെ ബാധ്യതയാണുണ്ടായത്. ഈ കടം മാത്രമായി വീട്ടിയതിനെയാണ് സുപ്രീം കോടതി പരാമർശിച്ചത്.