471 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തേയ്ക്ക്; തമിഴ്‌നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം

സെന്തില്‍ ബാലാജി വീണ്ടും മന്ത്രിയാകുന്നതിന് തടസങ്ങളില്ലെന്ന് ഡിഎംകെ അഭിഭാഷകന്‍ അറിയിച്ചു

dot image

ചെന്നൈ: ജോലിക്ക് കോഴ കേസില്‍ തമിഴ്‌നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം. സുപ്രീംകോടതിയാണ് സെന്തില്‍ ബാലാജിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ അഭയ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മാസി എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി രണ്ടംഗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. സെന്തില്‍ ബാലാജി ആഴ്ചയില്‍ രണ്ട് ദിവസം ഇഡി ഓഫീസില്‍ ഹാജരാകണമെന്നും പാസ്‌പോര്‍ട്ട് കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സെന്തില്‍ ബാലാജിക്ക് വീണ്ടും മന്ത്രിയാകുന്നതിന് തടസങ്ങളില്ലെന്ന് ഡിഎംകെ അഭിഭാഷകന്‍ അറിയിച്ചു.

471 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സെന്തില്‍ പുറത്തിറങ്ങുന്നത്. ബാലാജിയെ സ്വാഗതം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഭരിക്കുന്നവരുടെ ചട്ടുകം ആകുമ്പോള്‍ സുപ്രീംകോടതിയില്‍ മാത്രമാണ് പ്രതീക്ഷയെന്ന് സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

ഡിഎംകെ സര്‍ക്കാരില്‍ വൈദ്യുതി, എക്‌സൈസ് വകുപ്പായിരുന്നു സെന്തില്‍ ബാലാജി കൈകാര്യം ചെയ്തിരുന്നത്. ജോലിക്ക് കോഴ കേസില്‍ 2023 ജൂണ്‍ പതിനാലിനാണ് സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്. പതിനെട്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതായി പറഞ്ഞ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

2013 ല്‍ അണ്ണാഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 2013-14ല്‍ മന്ത്രിയായിരിക്കെ ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക്, എന്‍ജിനീയര്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് സെന്തില്‍ ബാലാജിക്കെതിരായ കേസ്.

dot image
To advertise here,contact us
dot image