ഛണ്ഡീഗഡ്: ഒൻപതാം വയസിൽ കാണാതായ കുട്ടിയെ പതിനൊന്ന് വർഷത്തിന് ശേഷം കണ്ടെത്തി. ഹരിയാനയിലാണ് സംഭവം. സംസ്ഥാനത്തെ ആന്റി ഹ്യൂമൺ ട്രാഫികിങ് യൂണിറ്റിന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. 2013ലാണ് ഒൻപത് വയസുകാരനായ സത്ബീറിനെ (ടാർസൻ) കാണാതായത്.
ആന്റി ഹ്യൂമൺ ട്രാഫികിങ് യൂണിറ്റിന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിലെ നിർണായക വിവരങ്ങളാണ് ഇരുപതാം വയസിലുള്ള സംഗമത്തിന് വഴിയൊരുക്കിയത്. കാണാതാകുമ്പോൾ കയ്യിൽ നായയുടെ കടിയേറ്റ പാടും കുരങ്ങിന്റെ കടിയേറ്റ പാടും ഉണ്ടെന്നായിരുന്നു അമ്മയുടെ വാക്കുകൾ. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ച ആന്റി ഹ്യൂമൺ ട്രാഫിക്കിങ്ങിന്റെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജേഷ്കുമാർ അന്വേഷണം ആരംഭിച്ചിരുന്നു. കാൻപൂർ, മുംബൈ, കൊൽക്കത്ത, ജയ്പൂർ. ഷിംല, ലഖ്നൗ തുടങ്ങിയ പ്രദേശങ്ങളിൽ കുട്ടിയുടെ ഫോട്ടോ വെച്ച് പോസ്റ്ററുകളും പതിപ്പിച്ചിരുന്നു.
ലഖ്നൗവിലെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ബന്ധപ്പെട്ടതോടെയാണ് കുട്ടിയെ സംബന്ധിച്ച വിവരം ലഭിച്ചത്. തങ്ങളുടെ സ്ഥാപനത്തിലുള്ള കുട്ടി ഉദ്യോഗസ്ഥൻ പതിപ്പിച്ച പോസ്റ്ററിൽ പറഞ്ഞിരിക്കുന്ന വിവരണവുമായി യോജിക്കുന്നതാണെന്നാണ് അധികൃതർ അറിയിച്ചത്. ഇതോടെ അന്വേഷണ സംഘം സ്ഥലത്തെത്തുകയും സത്ബീറിനെ തിരിച്ചറിയുകയുമായിരുന്നു.