ഡൽഹി: എയർ ഇന്ത്യയുടെ വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ ചത്ത പാറ്റ. ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിലാണ് യാത്രക്കാരിക്ക് ചത്ത പാറ്റയെ കിട്ടിയത്. സെപ്റ്റംബർ 17 നാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയയിലൂടെ ഫോട്ടോ സഹിതം സംഭവം അറിയിച്ചതോടെ അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
തനിക്ക് ലഭിച്ച ഓംലറ്റിൽ നിന്ന് പാറ്റയെ കിട്ടിയെന്ന് എക്സിലൂടെയാണ് യാത്രക്കാരി വിവരിച്ചത്. തന്റെ രണ്ട് വയസ്സുള്ള കുട്ടി ഭക്ഷണത്തിന്റെ പകുതിയിൽ കൂടുതൽ കഴിച്ചുവെന്നും ശേഷമാണ് ചത്ത പാറ്റ ശ്രദ്ധയിൽപ്പെട്ടതെന്നും പോസ്റ്റിൽ പറയുന്നു. കുഞ്ഞിന് ഭക്ഷ്യവിഷബാധയേറ്റതായും പോസ്റ്റിൽ വ്യക്തമാക്കുന്നു. പോസ്റ്റിനൊപ്പം ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
എയർ ഇന്ത്യ, ഡിജിസിഎ, വ്യാമയാനമന്ത്രി കെ രാംമോഹൻ നായിഡു എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉപഭോക്താവിന് നേരിട്ട അനുഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എയർലൈൻ വക്താവ് രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും അറിയിച്ചു. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.