മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളില്‍ മുതലക്കുഞ്ഞുങ്ങളെ ഒളിപ്പിച്ച് കടത്താന്‍ ശ്രമം. മുംബൈ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി. പിടിയിലായ കുര്‍ള സ്വദേശികളായ മുഹമ്മദ് റെഹാന്‍ മദ്‌നി (41), ഹംസ മന്‍സൂരി (30) എന്നിവരെ പൊലീസിന് കൈമാറി.
ബാങ്കോങ്ങില്‍ നിന്ന് വിസ്താര വിമാനത്തിലാണ് ഇരുവരുമെത്തിയത്. ഹാന്‍ഡ് ബാഗില്‍ ടൂത്ത് പേസ്റ്റ് കവറില്‍ കൈകാലുകള്‍ കെട്ടിയ രീതിയിലാണ് മുതലക്കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമിച്ചത്. പഴങ്ങളും മറ്റും പൊതിയുന്ന നെറ്റ് കവറിനുള്ളിലായിരുന്നു അഞ്ച് മുതല കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കൈമന്‍ ഇനത്തിലുള്ള മുതലക്കുഞ്ഞുങ്ങളെയാണ് കടത്താന്‍ ശ്രമിച്ചത്.
ടൂത്ത് പേസ്റ്റ് കവറിനുള്ളില്‍ ചെറിയ അനക്കം കണ്ടാണ് കസ്റ്റംസ് പരിശോധിച്ചത്. അഞ്ച് മുതല്‍ ഏഴ് ഇഞ്ച് വരെ വലുപ്പമുള്ള മുതലക്കുഞ്ഞുങ്ങാണ് ടൂത്ത് പേസ്റ്റിലുണ്ടായിരുന്നത്. അവശ നിലയിലായിരുന്ന മുതലക്കുഞ്ഞുങ്ങളെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അമേരിക്ക സ്വദേശമായ ഇനമായ ഈ മുതലകള്‍ 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ നാലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജിവിയാണ്. ജീവനുള്ള മുതലകളെ ഇറക്കുമതി ചെയ്യുന്നതിന് ലൈസന്‍സ് ആവശ്യമാണ്. എന്നാല്‍ ഇരുവര്‍ക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ല.