ജയിൽ കാലത്ത് അവർക്കെന്നെ തകർക്കണമായിരുന്നു, ഹരിയാനയുടെ പുത്രനെ തകർക്കാനാവില്ലല്ലോ: കെജ്‌രിവാൾ

ഹരിയാനയിലും കെജ്‌രിവാൾ സർക്കാരുണ്ടാക്കുമോ എന്ന ഭയമാണ് മോദിക്കെന്നും കെജ്‌രിവാൾ

dot image

ന്യൂഡൽ​ഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിലാക്കപ്പെട്ട കാലത്ത് കേന്ദ്ര സർക്കാർ തന്നെ തകർക്കാൻ ശ്രമിച്ചിരുന്നുവെന്ന് മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. ജയിലിൽ കഴിഞ്ഞ കാലത്ത് മാനസികമായും ശാരീരികമായും കേന്ദ്രസർക്കാർ പീഡിപ്പിച്ചുവെന്നും ഹരിയാന തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

'കേന്ദ്ര സർക്കാർ എന്നെ മാനസികമായും ശാരീരികമായും പ്രയാസപ്പെടുത്തി. ഞാനൊരു പ്രമേഹ രോ​ഗിയാണ്. പ്രതിദിനം നാല് ഇൻസുലിൻ മരുന്നുകളും ആവശ്യമാണ്. എന്നാൽ അവരെനിക്ക് മരുന്നുകൾ നിഷേധിച്ചു. അവർക്കെന്നെ തകർക്കണമായിരുന്നു. പക്ഷേ ഞാൻ ഹരിയാനയിൽ നിന്നാണെന്ന് അവർക്കറിയില്ലായിരിക്കണം. കാരണം ഹരിയാനയിൽ നിന്നുള്ള ഒരാളെ തകർക്കുക അസാധ്യമാണ്', കെജ്‌രിവാൾ പറഞ്ഞു.

നരേന്ദ്ര മോദിക്കെതിരെയും ബാദഷാപൂരിൽ നടന്ന റാലിയിൽ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പഞ്ചാബിലും ഡൽഹിയിലും അദ്ദേഹം നേരിട്ട വിജയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ലക്ഷ്യം വെക്കുന്നതിന് കാരണമായതെന്നാണ് കെജ്‌രിവാളിന്റെ പരാമർശം. ഹരിയാനയിലും കെജ്‌രിവാൾ സർക്കാരുണ്ടാക്കുമോ എന്ന ഭയമാണ് മോദിക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിബിഐ കേസിൽ സെപ്റ്റംബർ 13നാണ് കെജ്‌രിവാൾ തിഹാർ ജയിലിൽ നിന്നും മോചിതനാകുന്നത്. അ‍ഞ്ച് മാസങ്ങൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ ജയിൽ മോചനം. സുപ്രീം കോടതിയായിരുന്നു കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. ജയിൽ മോചിതനായതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു. തനിക്ക് നിയമവ്യവസ്ഥയിൽ നിന്നും നീതി ലഭിച്ചെന്നും ഇനി ജനങ്ങളുടെ കോടതിയിൽ നിന്ന് നീതി ലഭിക്കണമെന്നുമായിരുന്നു രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള കെജ്‌രിവാളിന്റെ പ്രതികരണം.

10 വർഷം ഒരു വരുമാനവും ഉണ്ടാക്കിയിട്ടില്ല. ജനങ്ങളുടെ ആശിർവാദം മാത്രമാണ് ഏക സമ്പാദ്യം. തന്നെയും മനീഷ് സിസോദിയയെയും അഴിമതിക്കാരായി ചിത്രീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഢാലോചന നടത്തി. 2012ൽ തന്റെ അഴിമതിവിരുദ്ധ പോരാട്ടം തുടങ്ങിയത് ജന്തർ മന്തറിൽ നിന്നാണ്. ആദ്യം തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ആം ആദ്മിക്ക് പണമോ ആൾബലമോ ഉണ്ടായിരുന്നില്ല. സത്യസന്ധത കൈമുതലാക്കിയായിരുന്നു മത്സരം. അധികാരത്തിൽ എത്തിയ ശേഷം സത്യസന്ധമായി പ്രവർത്തിച്ചുവെന്നും അദ്ദേഹത്തിന്റെ 'ജനതാ കി അദാലത്തി'ൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്‌രിവാൾ പറ‍ഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us