ന്യൂഡല്‍ഹി: നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കിയിട്ടേ മരിക്കൂവെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ പരാമര്‍ശത്തില്‍ ബിജെപിയില്‍ നിന്നും രൂക്ഷവിമര്‍ശനം. കോണ്‍ഗ്രസുകാരുടെ ഉള്ളിലെ വെറുപ്പും ഭയവുമാണ് പ്രകടമായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ഖര്‍ഖെയുടെ മെച്ചപ്പെട്ട ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കാം. 2047 ലെ വികസിത ഭാരതം കാണാന്‍ അദ്ദേഹത്തിനെ ആരോഗ്യം അനുവദിക്കട്ടെയെന്നും അമിത്ഷാ എക്‌സിലൂടെ പ്രതികരിച്ചു. ഖര്‍ഗെയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് മോദിയും പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ജമ്മുകശ്മീരില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഖര്‍ഗെയുടെ പ്രതികരണം. 'ഇപ്പോള്‍ എനിക്ക് 83 വയസ്സുണ്ട്. അത്ര പെട്ടെന്നൊന്നും ഞാന്‍ മരിക്കില്ല. പ്രധാന മന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കും വരെ താന്‍ ജീവിച്ചിരിക്കും', എന്നായിരുന്നു ഖര്‍ഗെയുടെ പ്രതികരണം.
കത്വയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ ഖര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വെള്ളം കുടിച്ച ശേഷം പ്രസംഗം തുടരാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ദേഹാസ്ഥാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അതിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.