മുഡ അഴിമതിക്കേസ്: സിദ്ധരാമയ്യയ്‌ക്കെതിരെ ഇ ഡി കേസ്; ബിജെപി ഒരുക്കിയ തിരക്കഥയെന്ന് കോണ്‍ഗ്രസ്

കള്ളപ്പണം വെളുപ്പിക്കല്‍ നിയമമനുസരിച്ചാണ് കേസ്

dot image

ബെംഗളൂരു: മുഡ അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമമനുസരിച്ചാണ് കേസ്. മുഡ അഴിമതി കേസിന്റെ എഫ്‌ഐആറാണ് കേസിനാധാരം.

അതേസമയം ഇ ഡി കേസിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി ഒരുക്കിയ തിരക്കഥയാണ് ഇ ഡി നടപടിയെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. പ്രതിപക്ഷത്തെ പേടിപ്പിക്കാന്‍ ബിജെപി സിബിഐ, ഇ ഡി മുതലായ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ദേശീയ മാധ്യമമായ ന്യൂസ് 18ന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. അന്വേഷണത്തില്‍ കോണ്‍ഗ്രസും സിദ്ധരാമയ്യയും പേടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുഡ കേസില്‍ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത പൊലീസും വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ന് കേസിന്റെ അന്വേഷണം ആരംഭിച്ചു. ലോകായുക്ത പൊലീസിന്റെ നാല് സ്പെഷ്യല്‍ ടീമുകളാണ് അന്വേഷണം നടത്തുന്നത്. മൈസൂരു ലോകായുക്ത ഡി വൈ എസ് പി എസ് കെ മല്‍തീഷ്, ചാമരാജ് നഗര്‍ ഡി വൈ എസ് പി മാത്യു തോമസ്, മൈസൂരു പൊലീസ് ഇന്‍സ്പെക്ടര്‍ രവികുമാര്‍, മടിക്കേരി ഇന്‍സ്പെക്ടര്‍ ലോകേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാല് സ്‌പെഷ്യല്‍ ടീമുകള്‍ അന്വേഷണം നടത്തുന്നത്.

ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിര്‍ദേശപ്രകാരമാണേ കേസെടുത്തത്. കേസില്‍ സിദ്ധരാമയ്യ ഒന്നും ഭാര്യ ബി എം പാര്‍വതി രണ്ടും പ്രതികളാണ്. ഭാര്യാ സഹോദരന്‍ ബി മല്ലികാര്‍ജുന സ്വാമിയാണ് മൂന്നാം പ്രതി. വിവാദ ഭൂമിയുടെ പഴയ ഉടമ എ ദേവരാജ് നാലാം പ്രതിയാണ്. 1988ലെ അഴിമതി തടയല്‍ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കര്‍ണാടക ഭൂമി പിടിച്ചെടുക്കല്‍ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us