സീറ്റ് വിഭജനത്തിൽ തീരുമാനമായില്ല; മഹാരാഷ്ട്രയിൽ 12 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി സിപിഐഎം

പത്ത് ദിവസത്തിനുള്ളിൽ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുമെന്ന് ഞായറാഴ്ച ശരദ് പവാർ വ്യക്തമാക്കിയിരുന്നു.

dot image

മുംബൈ: മഹാരാഷ്ട്രയിൽ 12 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി സിപിഐഎം. രണ്ട് മാസങ്ങൾക്ക് മുമ്പാണ് മഹാ വികാസ് അഘാഡിക്കൊപ്പം സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയത്. പിന്നീട് ചർച്ചയ്ക്കായി സഖ്യം ക്ഷണിച്ചിട്ടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ഡോ. ഉദയ് നാർകർ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ദഹാനു, കൽവാൻ, സോലാപൂർ സിറ്റി, നാസിക് വെസ്റ്റ്, അകോലെ, കിൻവാട്, പത്രി, മജൽ​ഗാവ്, ദിന്തോരി, ഇ​ഗാത്പുരി, വിക്രം​ഗഡ്, ഷഹാപൂർ തുടങ്ങിയ മണ്ഡലങ്ങളിൽ മത്സരിക്കാനാണ് തീരുമാനം. 2019 തിരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിലാണ് സിപിഐഎം മത്സരിച്ചത്.

2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിലെങ്കിലും മത്സരിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ മഹാവികാസ് അഘാഡി സഖ്യം സീറ്റ് അനുവദിച്ചില്ലെന്നും നാർകർ പറഞ്ഞു. മഹാ വികാസ് അഘാഡി സഖ്യത്തിലെ ആഭ്യന്തര ഏകോപനത്തെയും അദ്ദേഹം വിമർശിച്ചു.

രണ്ട് മാസങ്ങൾക്ക് മുമ്പാണ് അസംബ്ലി തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് അവസാനമായി ചർച്ച നടത്തിയത്. അതിന് ശേഷം വിഷയം സംബന്ധിച്ച് സിപിഐഎമ്മിന് മറ്റ് സഖ്യകക്ഷികളിൽനിന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. എംവിഎ യോ​ഗങ്ങളെ കുറിച്ച് മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്, നാർകർ പറഞ്ഞു. എംവിഎയുടെ ഭാ​ഗമായി തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് സിപിഐഎമ്മിന് ആ​ഗ്രഹമുണ്ട്. എംവിഎ തങ്ങളുടെ സഖ്യകക്ഷികളിൽ വിശ്വാസം അർപ്പിക്കേണ്ടതുണ്ട്. സീറ്റ് വിഭജനത്തിൽ തീർപ്പുണ്ടാക്കേണ്ടത് ഇപ്പോൾ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐഎം മത്സരിക്കാനിറങ്ങുന്നത് തങ്ങൾക്ക് തിരിച്ചടിയായേക്കുമെന്നാണ് മഹാവികാസ് അഘാഡിയുടെ വിലയിരുത്തൽ. സിപിഐഎം മത്സരിക്കാനിറങ്ങുന്നതോടെ ബിജെപി വിരുദ്ധ വോട്ടുകൾ വിഭജിക്കാനുള്ള സാധ്യതയുണ്ട്. പത്ത് ദിവസത്തിനുള്ളിൽ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുമെന്ന് ഞായറാഴ്ച എൻസിപി നേതാവ് ശരദ് പവാർ വ്യക്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us