ബെംഗളൂരു: മുഡ അഴിമതിയുമായി ബന്ധപ്പെട്ട് വിവാദമായ ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യ രംഗത്ത്. മുഡയുടെ 50:50 ഭൂമി കൈമാറ്റ പദ്ധതിയില്‍ അനുവദിച്ച 14 പ്ലോട്ടുകള്‍ തിരിച്ചെടുക്കണമെന്നാണ് ബി എം പാര്‍വതിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പാര്‍വതി മൈസൂരു നഗരവികസന അതോറിറ്റിക്ക് കത്തെഴുതി.
മുഡ അഴിമതി അന്വേഷിക്കാന്‍ ലോകായുക്ത, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെയാണ് സിദ്ധരാമയ്യയുടെ ഭാര്യയുടെ നീക്കം. ഇരു കേസുകളിലും രണ്ടാം പ്രതിയാണ് ബി എം പാര്‍വതി. മൈസൂരുവിലെ കേസരെ വില്ലേജില്‍ പാര്‍വതിയുടെ പേരിലുണ്ടായിരുന്ന 3.16 ഏക്കര്‍ ഭൂമി ഏറ്റെടുത്തായിരുന്നു നഗര വികസന അതോറിറ്റി വിജയനഗറില്‍ 14 പ്ലോട്ടുകള്‍ പകരം നല്‍കിയത്. ഇതുവഴി സിദ്ധരാമയ്യയുടെ കുടുംബം 56 കോടി രൂപയുടെ അനധികൃത സമ്പാദ്യം നേടിയെന്നാണ് കേസ്.
മുഡ അഴിമതിയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് സിദ്ധരാമയ്യ അടക്കമുള്ളവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണ വെളുപ്പിക്കല്‍ നിയമമനുസരിച്ചായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. മുഡ അഴിമതിയില്‍ ലോകായുക്ത പൊലീസിന്റെ നാല് സ്‌പെഷ്യല്‍ ടീമുകള്‍ അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ഇ ഡി അന്വേഷണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ബിജെപിയുടെ തിരക്കഥയുടെ ഭാഗമാണ് ഇ ഡി കേസെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.