ന്യൂഡൽഹി: ജോലി സ്ഥലത്തെ സമ്മർദ്ദം താങ്ങാനാകാതെ യുവാവ് ജീവനൊടുക്കി. ബജാജ് ഫിനാൻസ് ജീവനക്കാരനായ തരുൺ സക്സേന (42) ആണ് ആത്മഹത്യ ചെയ്തത്. ഭാര്യയേയും മക്കളേയും മറ്റൊരു മുറിയിൽ അടച്ചിട്ട ശേഷമായിരുന്നു സംഭവം. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും മാനസിക പീഡനം നേരിട്ടിരുന്നുവെന്നും കുടുംബം ആരോപിച്ചു. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലാണ് സംഭവം.
റിക്കവറി ടാർഗെറ്റെത്തിക്കാൻ നേരിടേണ്ടി വന്ന പ്രയാസങ്ങളെ കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ട പരിഹാസത്തെ കുറിച്ചും അദ്ദേഹം ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 45 ദിവസമായി ജോലിഭാരത്താൽ ഉറങ്ങിയിട്ടില്ലെന്നും സക്സേന ആത്മഹത്യകുറിപ്പിൽ കുറിച്ചു. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും കത്തിൽ പറയുന്നു.
ഭാവിയെ കുറിച്ച് ആലോചിച്ച് വല്ലാതെ ഭയം തോന്നുന്നു. ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ടത് പോലെ. ഞാൻ പോകുന്നു. അച്ഛാ, അമ്മാ, ഞാനിതുവരെ നിങ്ങളോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ ആവശ്യപ്പെടുകയാണ്. ദയവു ചെയ്ത് രണ്ടാം നിലയുടെ നിർമാണം പെട്ടെന്ന് നടത്തണം. അതാകുമ്പോൾ എന്റെ കുടുംബത്തിന് സുഖമായി താമസിക്കാമല്ലോ, സക്സേന കുറിച്ചു.
ബജാജ് ഫിനാൻസിൽ ഏരിയ മാനേജറായി പ്രവർത്തിച്ചുവരികയായിരുന്നു തരുൺ സക്സേന. ഷാൾ ഉപയോഗിച്ച് യുവാവ് കെട്ടിത്തൂങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ തനിക്ക് ഉയർന്ന ടാർഗറ്റുകൾ നൽകിയിരുന്നുവെന്നും ഇത് നേടിയെടുക്കാൻ നിരന്തരം തനിക്ക് മേൽ ഇവർ സമ്മർദ്ദം ചെലുത്തിയിരുന്നതായും സക്സേനയുടെ കത്ത് ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.
വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.