മുഡ കേസ്: സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുളള പ്ലോട്ടുകൾ തിരിച്ചെടുത്തു

നേരത്തെ വിവാദമായ ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യ രം​ഗത്തെത്തിയിരുന്നു

dot image

ബെം​ഗളൂരു: മുഡ അഴിമതി കേസിൽ സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുളള പ്ലോട്ടുകൾ അധികൃതർ തിരിച്ചെടുത്തു. 14 പ്ലോട്ടുകളും മുഡ തിരിച്ചെടുക്കാൻ തീരുമാനിച്ചതായി കമ്മീഷണർ അറിയിച്ചു. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് 3.16 ഏക്കറിന് പകരം നൽകിയ ഭൂമിയാണ് തിരിച്ചെടുത്തത്. നിയമാവലിയിൽ പ്ലോട്ടുകൾ തിരിച്ചെടുക്കാനുളള വകുപ്പുണ്ടെന്ന് മുഡ വ്യക്തമാക്കി. ലോകായുക്ത - ഇഡി കേസുകളിൽ പ്രതി ചേർക്കപ്പെട്ടതോടെയായിരുന്നു ബി എം പാർവതി പ്ലോട്ടുകൾ തിരികെ നൽകിയത്.

നേരത്തെ വിവാദമായ ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യ രം​ഗത്തെത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് പാർവതി മൈസൂരു നഗരവികസന അതോറിറ്റിക്ക് കത്തെഴുതിയിരുന്നു. ലോകായുക്ത - ഇഡി കേസുകളിൽ രണ്ടാം പ്രതിയാണ് ബി എം പാർവതി. മൈസൂരുവിലെ കേസരെ വില്ലേജിൽ പാർവതിയുടെ പേരിലുണ്ടായിരുന്ന 3.16 ഏക്കർ ഭൂമി ഏറ്റെടുത്തായിരുന്നു നഗര വികസന അതോറിറ്റി വിജയനഗറിൽ 14 പ്ലോട്ടുകൾ പകരം നൽകിയത്. ഇതുവഴി സിദ്ധരാമയ്യയുടെ കുടുംബം 56 കോടി രൂപയുടെ അനധികൃത സമ്പാദ്യം നേടിയെന്നാണ് കേസ്.

മുഡ അഴിമതി കേസിൽ കള്ളപ്പണം വെളുപ്പിച്ചതിന് ഒരു തെളിവും ഇ ഡിയുടെ കയ്യിലില്ലെന്ന വാദവുമായി സിദ്ധരാമയ്യ രം​ഗത്തെത്തിയിരുന്നു. ഒരു പണമിടപാടും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല. ഭാര്യ പാർവതിക്ക് വിവാദങ്ങളിലും രാഷ്ട്രീയത്തിലും താല്പര്യമില്ല. അതുകൊണ്ട് 14 പ്ലോട്ടുകളും തിരിച്ചുനൽകാൻ അവർ സ്വയം തീരുമാനിച്ചതാണെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് മുഡ അഴിമതിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യ അടക്കമുള്ളവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തത്. മുഡ അഴിമതിയിൽ ലോകായുക്ത പൊലീസിന്റെ നാല് സ്‌പെഷ്യൽ ടീമുകൾ അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ഇഡി അന്വേഷണത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ബിജെപിയുടെ തിരക്കഥയുടെ ഭാഗമാണ് ഇഡി കേസെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us