
ഛണ്ഡീഗഡ്: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോമന്‍ സംസ്‌കാരത്തില്‍ വളര്‍ന്ന ആകസ്മികമായി ഹിന്ദു(ആക്‌സിഡന്റല്‍ ഹിന്ദു)വായ അയോധ്യയിലെ രാമ ക്ഷേത്രത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിയാനയില്‍ നടത്തിയ റാലിയിലായിരുന്നു യോഗി ആദിത്യനാഥ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചത്. ലോകമെമ്പാടുമുള്ളവര്‍ രാമക്ഷേത്രത്തില്‍ സന്തോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് മുതലക്കണ്ണീര്‍ പൊഴിക്കുന്നുവെന്നും യോഗി പറഞ്ഞു.
'ഈ വര്‍ഷം ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രാം ലല്ലയെ പ്രതിഷ്ഠിച്ചതിലൂടെ 500 വര്‍ഷത്തെ നീണ്ട കാത്തിരിപ്പ് അവസാനിക്കുകയായിരുന്നു. രാഷ്ട്രവും ലോകവും ഈ ചരിത്ര സംഭവം ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് ഈ സന്തോഷത്തോടൊപ്പം നില്‍ക്കാതെ മുതലക്കണ്ണീര്‍ പൊഴിക്കുന്നു. രാമന്റെ സംസ്‌കാരവും റോമന്‍ സംസ്‌കാരവും തമ്മിലുള്ള വൈരുദ്ധ്യമാണിവിടെ കാണിക്കുന്നത്,' യോഗി പറഞ്ഞു. ആകസ്മികമായി ഹിന്ദുക്കളായവര്‍ക്ക് രാജ്യത്തോടും അവിടുത്തെ പൗരന്മാരോടും സത്യസന്ധത കാണിക്കാന്‍ സാധിക്കില്ലെന്നും യോഗി പറഞ്ഞു.
ഹിന്ദുക്കളെ അവഹേളിക്കുന്നതിലൂടെയും സനാതന സംസ്‌കാരത്തെ വിമര്‍ശിക്കുന്നതിലൂടെയും വിദേശത്തുള്ള ഭരണഘടന സ്ഥാപനങ്ങളില്‍ തുരങ്കം വെച്ചും കോണ്‍ഗ്രസ് സ്വന്തം വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്ന് യോഗി പറഞ്ഞു. 500 വര്‍ഷത്തെ പ്രശ്‌നം ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷം കൊണ്ട് പരിഹരിച്ചുവെന്നും ഈ വികസനത്തില്‍ കോണ്‍ഗ്രസിന് വിഷമമുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
അതേസമയം നാലിടങ്ങളിലാണ് ഇന്ന് യോഗി ആദിത്യനാഥിന്റെ പൊതുയോഗം നടക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥികളായ കപൂര്‍ വാല്‍മീകി, വിനോദ് ഭയാന, ക്യാപ്റ്റിയന്‍ അഭിമന്യു, രാംകുമാര്‍ ഗൗതം, ഗ്യാന്‍ചന്ദ് ഗുപ്ത, ശക്തിരണി ശര്‍മ എന്നിവര്‍ക്ക് വേണ്ടി പ്രചരണം നടത്തും.