
മുംബൈ: കർഷക വിരുദ്ധ പരാമർശവുമായി മഹാരാഷ്ട്ര സ്വതന്ത്ര എംഎൽഎ ദേവേന്ദ്ര ഭുയർ. വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്ന കർഷകരുടെ ആൺ മക്കൾ പിന്നാക്കം നിൽക്കുന്ന വധുവിനെ കണ്ടെത്താൻ ശ്രമിക്കണമെന്നായിരുന്നു ഭുയറിന്റെ പരാമർശം. സുന്ദരികളായ പെൺകുട്ടികൾക്ക് ഉയർന്ന ജോലിയുള്ളവരോടാണ് താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ മണ്ഡലമായ വറൂദ് തഹസിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'എന്നെയും നിങ്ങളെയും പോലുള്ള ഒരാളെ സുന്ദരിയായ പെൺകുട്ടി വിവാഹം ചെയ്യില്ല. കാരണം അവർക്ക് ആവശ്യം സുസ്ഥിരമായ ജോലിയുള്ള ഒരാളെയാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന സ്ത്രീകൾ പച്ചക്കറി കടക്കാരെയോ മറ്റോ വിവാഹം ചെയ്തേക്കാം. അതിലും താഴെയുള്ള സ്ത്രീകളാണ് കർഷകരെയും അവരുടെ മക്കളെയും വിവാഹം ചെയ്യുക. ഇത്തരമൊരു ബന്ധത്തിൽ നിന്നും ഉണ്ടാകുന്ന കുട്ടികൾക്ക് സൗന്ദര്യമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അജിത് പവാറിന്റെ പിന്തുണക്കാരനാണ് ഭുയർ. അജിത് പവാർ തങ്ങളുടെ നേതാക്കളെ നിലയ്ക്ക് നിർത്തണമെന്നും അല്ലാത്ത പക്ഷം ജനം മറുപടി നൽകുമെന്നും കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര വനിത ശിശു വികസന വകുപ്പ് മന്ത്രിയുമായ യശോമതി താക്കൂർ പറഞ്ഞു.