'രാജ്യത്തിന് പിതാക്കന്മാരില്ല, ഉള്ളത് പുത്രന്മാർ'; ഗാന്ധി ജയന്തി വിവാദ പരാമർശവുമായി കങ്കണ, വിമർശിച്ച് ബിജെപി

ഗാന്ധിജി മുന്നോട്ടുവെച്ച ശുചിത്വത്തെ പിന്തുടർന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കങ്കണ നന്ദിയും അറിയിച്ചിട്ടുണ്ട്

dot image

ന്യൂഡൽഹി: ​ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാ​ഗാന്ധിക്കെതിരെ പോസ്റ്റുമായി മാണ്ഡി ബിജെപി എംപി കങ്കണ റണാവത്. 'രാജ്യത്തിന് പിതാക്കന്മാരില്ല; അതിന് പുത്രന്മാരുണ്ട്. ഭാരതമാതാവിൻ്റെ ഈ പുത്രന്മാരാണ് ഭാഗ്യവാന്മാർ' എന്നായിരുന്നു കങ്കണയുടെ കുറിപ്പ്. ഇതേ പോസ്റ്റിൽ ലാൽ ബഹദൂർ ശാസ്ത്രിക്ക് അദ്ദേഹത്തിൻ്റെ 120-ാം ജന്മവാർഷികത്തിൽ ആദരാഞ്ജലിയും അർപ്പിച്ചിട്ടുണ്ട്.

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിന് പിന്നാലെ കങ്കണയ്ക്കെതിരെ വിമർശനം ശക്തമാകുകയാണ്. ഇതിന് പിന്നാലെ പങ്കുവെച്ച പോസ്റ്റിൽ ​ഗാന്ധിജി മുന്നോട്ടുവെച്ച ശുചിത്വത്തെ പിന്തുടർന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കങ്കണ നന്ദിയും അറിയിച്ചിട്ടുണ്ട്.

അതേസമയം സംഭവത്തിന് പിന്നാലെ കങ്കണയ്ക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സുപ്രിയ ഷ്രിനേറ്റ് രം​ഗത്തെത്തിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ജന്മവാർഷിക ദിനത്തിലാണ് ബിജെപി എംപി കങ്കണ ഈ മോശം പരിഹാസം നടത്തിയത്. ഗോഡ്‌സെ ആരാധകർ ബാപ്പുവും ശാസ്ത്രി ജിയും തമ്മിൽ വേർതിരിവ് കാണിക്കുകയാണ്. തൻ്റെ പാർട്ടിയുടെ പുതിയ ഗോഡ്‌സെ ഭക്തനോട് നരേന്ദ്ര മോദി പൂർണ്ണഹൃദയത്തോടെ ക്ഷമിക്കുമോ? രാജ്യത്തിന് രാഷ്ട്രപിതാവുണ്ട്, മക്കളുണ്ട്, രക്തസാക്ഷികളുമുണ്ട്. എല്ലാവർക്കും തുല്യ ബഹുമാനം ആവശ്യമാണ്, ഷ്രിനേറ്റ് എക്സിൽ കുറിച്ചു.

കങ്കണയ്ക്കെതിരെ വിമർശനവുമായി ഇത്തവണയും ബിജെപി രം​ഗത്തെത്തിയിട്ടുണ്ട്. മഹാത്മാ​ഗാന്ധിയുടെ ജന്മദിനത്തിൽ കങ്കണ നടത്തിയ പരാമർശങ്ങൾ തെറ്റായിപ്പോയെന്ന് മുതിർന്ന ബിജെപി നേതാവ് മനോരഞ്ജൻ കാലിയ പ്രതികരിച്ചത്. വളരെ കുറഞ്ഞ രാഷ്ട്രീയ ജീവിതത്തിൽ കങ്കണ ഇതിനോടകം തന്നെ നിരവധി വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. കങ്കണയുടെ പരാമർശങ്ങൾ പാർട്ടിക്കാണ് കോട്ടം വരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം പിൻവലിച്ച കർഷക നിയമങ്ങൾ തിരികെ കൊണ്ടുവരണണെന്ന പരാമർശത്തിൽ കങ്കണയ്ക്കെതിരെ വിമർശനം ശക്തമായിരുന്നു. ബിജെപിയും കങ്കണക്കെതിരെ രംഗത്തെത്തിയിരുന്നു. മുമ്പ് 2020-21ൽ കർഷക പ്രക്ഷോഭത്തിനിടെ നിരവധി പേരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കെട്ടിത്തൂക്കിയെന്നും ബലാത്സംഗങ്ങൾ നടത്തിയെന്നുമുള്ള കങ്കണയുടെ പരാമർശം വിവാദമായിരുന്നു. ഉന്നത നേതൃത്വം ശക്തമല്ലായിരുന്നുവെങ്കിൽ ബംഗ്ലാദേശിൽ എന്ത് സംഭവിച്ചോ അത് ഇവിടെയും സംഭവിക്കുമായിരുന്നു. കർഷക സമരത്തിൽ മൃതദേഹങ്ങൾ കെട്ടിത്തൂക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. കർഷകർക്ക് അനുകൂലമായ നിയമങ്ങൾ പിൻവലിച്ചതോടെ രാജ്യം മുഴുവൻ അമ്പരന്നു. ഇപ്പോഴും ആ കർഷകർ ഇവിടെ തന്നെ തുടരുകയാണെന്നും കങ്കണ പറഞ്ഞതാണ് വലിയ വിവാദങ്ങള്‍ക്കിടയാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us