ന്യൂഡൽഹി: ഹരിയാനയിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നീലോഖേരിയിലെ എഎപി സ്ഥാനാർഥി അമർ സിങ് കോൺഗ്രസിൽ ചേർന്നു. സ്ഥാനാർത്ഥിത്വം പിൻവലിച്ചാണ് കോൺഗ്രസിൽ ചേർന്നത്. പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്‌വയാണ് അമർ സിംഗിനെ കോൺഗ്രസിലേക്ക് സ്വീകരിച്ചത്.
രാജ്യത്ത് കർഷകരോടും സ്ത്രീകളോടും ദളിതരോടും ന്യൂനപക്ഷങ്ങളോടും അനീതി പുലർത്തുന്ന ബിജെപിയെ തകർക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്നായിരുന്നു പാർട്ടി പ്രവേശത്തിന് പിന്നാലെ അമർ സിങ്ങിന്റെ പ്രതികരണം. ഹരിയാനയിൽ ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാട്ടമാണ് നടത്തുന്നതെന്ന് ബജ്വ പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ താൻ മത്സരിച്ചാൽ വോട്ട് വിഭജിക്കുകയും ബിജെപിക്ക് അത് ഉപകാരപ്രദമാകുകയും ചെയ്യുമായിരുന്നുവെന്നും അതിനാലാണ് പാർട്ടി മാറ്റമെന്നും അമർ സിങ് പറഞ്ഞു.
നേരത്തെ എഎപിയുടെ ഫരീദാബാദ് സ്ഥാനാർത്ഥി പ്രവേശ് മെഹ്ത ബിജെപിയിൽ ചേർന്നിരുന്നു. ഇതിന്റെ ആഘാതം എങ്ങനെ നേരിടുമെന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് വീണ്ടും സ്ഥാനാർത്ഥിയുടെ പാർട്ടി മാറ്റം.
അതേസമയം ഹരിയാനയിൽ വോട്ട് തേടിയെത്തിയ ബിജെപി സ്ഥാനാർത്ഥികളെ ഓടിച്ചിട്ടും ചെരുപ്പൂരിയെറിഞ്ഞുമായിരുന്നു കർഷകർ നേരിട്ടത്. റാതിയ, ഹിസാർ മണ്ഡലങ്ങളിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥികളെയാണ് ജനങ്ങൾ ഓടിച്ചിട്ടത്. ലാംബയിൽ നടന്ന പരിപാടിക്കിടെയായിരുന്നു ദുഗ്ഗലിനെതിരായ പ്രതിഷേധം. പ്രതിഷേധക്കാർക്ക് പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുണ്ടെന്ന് പറഞ്ഞതിന് ദുഗ്ഗലിന് മാപ്പും പറയേണ്ടി വന്നിരുന്നു. ഹിസാറിൽ ബിജെപി സ്ഥാനാർത്ഥി ഡോ. കമാൽ ഗുപ്തയ്ക്ക് നേരെ ചെരുപ്പൂരിയെറിഞ്ഞാണ് കർഷകർ പ്രതിഷേധം അറിയിച്ചത്. ബദ്വാലി ധാനി ഗ്രാമത്തിൽ നടന്ന പൊതുചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു കമാൽ ഗുപ്തയ്ക്ക് നേരെ ചെരുപ്പേറുണ്ടായത്.
ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.