'സാമന്ത പ്രചോദനം,' പരാമർശം വേദനിപ്പിച്ചെങ്കിൽ പിൻവലിക്കുന്നതായി കൊണ്ട സുരേഖ

ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റ് കെ ടി രാമ റാവു കൊണ്ട സുരേഖയ്ക്ക് വക്കീല്‍ നോട്ടീസ് നല്‍കിയിരുന്നു

dot image

ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) വര്‍ക്കിങ് പ്രസിഡന്റ് കെ ടി രാമ റാവുവിനും തെലുങ്ക് താരങ്ങളായ സാമന്ത റുത്ത് പ്രഭുവിനും നാഗ ചൈതന്യക്കുമെതിരെ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശം പിന്‍വലിച്ച് തെലങ്കാന വനം പരിസ്ഥിതി വകുപ്പ് മന്ത്രി കൊണ്ട സുരേഖ. സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചനത്തിന് പിന്നില്‍ കെ ടി ആറാണെന്നുള്ള പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം വന്നതിന് പിന്നാലെയാണ് പരാമര്‍ശം പിന്‍വലിക്കുന്നതായി സുരേഖ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചത്.

തന്റെ പരാമര്‍ശം സാമന്തയെ വേദനിക്കിപ്പിക്കാനായിരുന്നില്ലെന്നും ഒരു നേതാവ് സ്ത്രീകളെ ഇകഴ്ത്തുന്നതിനെ ചോദ്യം ചെയ്യുന്നതിനായിരുന്നുവെന്നും സുരേഖ പറഞ്ഞു. സാമന്ത തനിക്ക് പ്രചോദനമാണെന്നും സുരേഖ പറഞ്ഞു. തുടര്‍ന്ന് സാമന്തയോ ആരാധകരോ തന്റെ പരാമര്‍ശത്തില്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായി സുരേഖ വ്യക്തമാക്കി.

സുരേഖയുടെ പരാമര്‍ശത്തില്‍ കെ ടി ആര്‍ സുരേഖയക്ക് വക്കീല്‍ നോട്ടീസയച്ചിരുന്നു. അപകീര്‍ത്തിപരമായ പരാമര്‍ശം പിന്‍വലിച്ച് 24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണമെന്ന് കെ ടി ആറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തികളില്‍ നിന്ന് സുരേഖ വിട്ട് നില്‍ക്കണമെന്നും ആവശ്യപ്പെട്ടു. സുരേഖ മാപ്പ് പറഞ്ഞില്ലെങ്കില്‍ മറ്റ് നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി. തെറ്റായ വിവരങ്ങള്‍, അനുമാനങ്ങള്‍, നുണകള്‍, നിസാരമായ ആരോപണങ്ങള്‍ എന്നിവയിലൂടെ കെ ടി ആറിന്റെ പ്രശസ്തി കളങ്കപ്പെടുത്താന്‍ മാധ്യമങ്ങളുമായി ചേര്‍ന്ന് സുരേഖ ഗൂഢാലോചന നടത്തിയെന്നും നോട്ടീസില്‍ പറയുന്നു.

സുരേഖയുടെ പരാമര്‍ശത്തിനെതിരെ സാമന്തയും നാഗചൈതന്യയും രംഗത്തെത്തിയിരുന്നു. തന്റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണെന്നും ഊഹാപോഹങ്ങളില്‍ മുഴുകി രാഷ്ട്രീയ പോരാട്ടങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് സാമന്ത പറഞ്ഞു. തന്റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണെന്നും അതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സാമന്ത ആവശ്യപ്പെട്ടു. തന്റെ വിവാഹമോചനം പരസ്പര സമ്മതത്തോടെയും സൗഹാര്‍ദപരവുമായിരുന്നുവെന്നും രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും സാമന്ത വ്യക്തമാക്കി.

മന്ത്രിയുടെ പരാമര്‍ശങ്ങള്‍ പരിഹാസ്യമാണെന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നാഗചൈതന്യ പറഞ്ഞു. മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ക്കായി സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിത തീരുമാനങ്ങള്‍ മുതലെടുക്കുന്നതും ചൂഷണം ചെയ്യുന്നതും ലജ്ജാകരമാണെന്നും നാഗചൈതന്യയും പ്രതികരിച്ചു. തങ്ങളുടെ വ്യത്യസ്തമായ ജീവിത ലക്ഷ്യങ്ങള്‍ കാരണം, പക്വതയുള്ള രണ്ട് മുതിര്‍ന്നവര്‍ ബഹുമാനത്തോടെയും അന്തസോടെയും മുന്നോട്ട് പോകാനുള്ള താല്‍പ്പര്യം കണക്കിലെടുത്ത് സമാധാനത്തോടെ എടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും നാഗചൈതന്യ വ്യക്തമാക്കി. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുനയും മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു.

സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം കെടിആര്‍ ആണെന്നും നടിമാര്‍ മയക്കുമരുന്നിന് അടിമകളാവുന്നതിന് കാരണവും കെ ടി ആര്‍ ആണെന്നുമായിരുന്നു സുരേഖയുടെ പരാമര്‍ശങ്ങള്‍. കെ ടി ആര്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും നടിമാരുടെ ഫോണുകള്‍ ചോര്‍ത്തി ബ്ലാക് മെയില്‍ ചെയ്തെന്നും സുരേഖ പറഞ്ഞിരുന്നു. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള എന്‍-കണ്‍വെന്‍ഷന്‍ പൊളിച്ചുമാറ്റാതിരിക്കാന്‍ പകരമായി സാമന്തയെ തന്റെ അടുത്തേക്ക് അയയ്ക്കണമെന്ന് കെടിആര്‍ ആവശ്യപ്പെട്ടെന്നും ഇത് സാമന്ത വിസമ്മതിച്ചതോടെയാണ് വിവാഹമോചിതരാവാന്‍ കാരണമായതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

dot image
To advertise here,contact us
dot image