'പ്രവര്‍ത്തകരെ നിയന്ത്രിക്കൂ'; രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി അമല അക്കിനേനി

വിവാദ പരാമര്‍ശം നടത്തിയ തെലങ്കാന മന്ത്രി കൊണ്ട സുരേഖ മാപ്പ് പറയണമെന്നും അമല കത്തില്‍ ആവശ്യപ്പെട്ടു

dot image

ഹൈദരാബാദ്: നാഗചൈതന്യ-സാമന്ത വിവാഹമോചനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി നടിയും നാഗാര്‍ജുനയുടെ ഭാര്യയുമായ അമല അക്കിനേനി. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ രാഹുല്‍ ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് അമലയുടെ ആവശ്യം. വിവാദ പരാമര്‍ശം നടത്തിയ തെലങ്കാന മന്ത്രി കൊണ്ട സുരേഖ മാപ്പ് പറയണമെന്നും അമല കത്തില്‍ ആവശ്യപ്പെട്ടു.

ഒരു മന്ത്രി ഇത്തരത്തില്‍ പെരുമാറുന്നു എന്നത് തന്റെ ഞെട്ടിച്ചുവെന്ന് അമല കത്തില്‍ പറയുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മന്ത്രി കൊണ്ട സുരേഖ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും മാന്യമായി ജീവിക്കുന്നവരെ ഉന്നംവെയ്ക്കുകയാണെന്നും അമല പറഞ്ഞു. നേതാക്കള്‍ ക്രിമിനലുകളെ പോലെ പെരുമാറിയാല്‍ രാജ്യത്ത് എന്തായിരിക്കും സംഭവിക്കുകയെന്ന് അമല ചോദിക്കുന്നു. മാനുഷിക മര്യാദയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി തന്റെ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ തയ്യാറാകണം. വിഷം കലര്‍ന്ന പരാമര്‍ശം പിന്‍വലിച്ച് മന്ത്രിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെടണം. ഈ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കണമെന്നും അമല കത്തില്‍ ആവശ്യപ്പെട്ടു.

സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബി ആര്‍ എസ് നേതാവുമായ കെ ടി രാമറാവു ആണെന്നായിരുന്നു കൊണ്ട സുരേഖയുടെ ആരോപണം. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള എന്‍-കണ്‍വെന്‍ഷന്‍ പൊളിച്ചു നീക്കാതിരിക്കാന്‍ സാമന്തയെ തന്റെ അടുത്തേക്ക് അയയ്ക്കണമെന്ന് കെടിആര്‍ ആവശ്യപ്പെട്ടെന്നും ഇത് സാമന്ത വിസമ്മതിച്ചതോടെയാണ് വിവാഹമോചനം വരെ എത്തിയതെന്നും സുരേഖ പറഞ്ഞിരുന്നു. ഇതിനെതിരെ സാമന്ത തന്നെ രംഗത്തെത്തിയിരുന്നു. വിവാഹ മോഹചനത്തിന് കാരണം വ്യക്തിപരമായ കാര്യങ്ങളാണെന്നും രാഷ്ട്രീയ പോരാട്ടത്തിലേയ്ക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും സാമന്ത പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us