മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി. പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ ശരദ് പവാര്‍ വിഭാഗം എന്‍സിപിയില്‍ ചേരാന്‍ തീരുമാനിച്ചതാണ് തിരിച്ചടിയായത്. തന്നെ അനുകൂലിക്കുന്നവരുമായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് ഈ തീരുമാനം ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ പ്രഖ്യാപിച്ചത്.
'എന്നെ പിന്തുണക്കുന്നവരുമായി ഞാന്‍ സംസാരിച്ചു. അവരുടെ അനുവാദത്തോടെ എന്‍സിപി ശരദ് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാറും മറ്റ് നേതാക്കളും ഞാന്‍ പാര്‍ട്ടിയില്‍ അംഗമാവേണ്ട തിയ്യതി തീരുമാനിക്കും. എന്നെ പിന്തുണക്കുന്നവരും പാര്‍ട്ടിയില്‍ ചേരും.', ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ പറഞ്ഞു.
'ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെ നാല് ദിവസം മുമ്പ് സന്ദര്‍ശിച്ചു. എന്നെ പിന്തുണക്കുന്നവരുടെ സന്ദേഹങ്ങള്‍ പങ്കുവെച്ചു. എന്റെ നിലപാട് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. അദ്ദേഹം ചില കാര്യങ്ങളള്‍ എന്നോട് പറഞ്ഞു. അതിന് ശേഷമാണ് ഞാന്‍ എന്‍സിപിയില്‍ ചേരാന്‍ തീരുമാനിച്ചത്.', ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.