'വീട് വിട്ടാൽ മറ്റൊരു വീട്'; ഇഷ ഫൗണ്ടേഷനിലെ റെയ്ഡിന് പിന്നാലെ അവിടെ നിന്നുള്ള ചിത്രം പങ്കുവച്ച് സമാന്ത

ഇൻസ്റ്റ​ഗ്രാം സ്റ്റാറ്റസായി ഇഷയിൽ നിന്നുള്ള ഒരു ദൃശ്യവും സമാന്ത പങ്കുവച്ചു

dot image

കോയമ്പത്തൂർ: തന്റെ വീട് കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഇടം ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനാണെന്ന് സമാന്ത റൂത്ത് പ്രഭു. ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനില്‍ പൊലീസ് റെയ്ഡ് നടന്നതിന് പിന്നാലെയാണ് ഇഷ ഫൗണ്ടേഷനാണ് തന്റെ മറ്റൊരു വീടെന്ന് അവ‌ർ ഇൻസ്റ്റ​ഗ്രാമിലൂടെ കുറിച്ചത്. ഇൻസ്റ്റ​ഗ്രാം സ്റ്റാറ്റസായി ഇഷയിൽ നിന്നുള്ള ഒരു ദൃശ്യവും അവർ പങ്കുവച്ചു. മൂന്ന് ​കാളകൾ ഒരു മൈതാനത്ത് ഇരിക്കുന്ന ചിത്രത്തിനൊപ്പമാണ് ഈ ക്യാപ്ഷൻ കൂടി നൽകിയിരിക്കുന്നത്.

50 ഓളം പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇഷയിൽ പരിശോധന നടന്നത്. കോയമ്പത്തൂരിലെ തൊണ്ടമുത്തുരിലെ ഇഷ ഫൗണ്ടേഷനിലാണ് പരിശോധന. നല്ല വിദ്യാഭ്യാസമുള്ള തന്റെ രണ്ട് പെണ്‍മക്കളെ ജഗ്ഗി വാസുദേവിന്റെ ഇഷ യോഗാ സെന്ററില്‍ സ്ഥിരമായി താമസിപ്പിക്കാന്‍ പ്രേരിപ്പിച്ചെന്ന് കാട്ടി തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല അധ്യാപകനായിരുന്ന എസ് കാമരാജ് ഹര്‍ജി നല്‍കിയിരുന്നു.

ലൗകിക ജീവിതം വെടിഞ്ഞ് സന്യാസിമാരെപ്പോലെ ജീവിക്കാന്‍ യുവതികളെ പ്രേരിപ്പിക്കുന്നത് എന്തിനാണെന്ന് കേസ് പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു. സ്വന്തം മകളെ വിവാഹം ചെയ്യിപ്പിച്ച് അയച്ച് മറ്റുള്ളവരെ ലൗകിക ജീവിതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതെന്തിനാണെന്നും കോടതി ആരാഞ്ഞു. തലമൊട്ടയടിച്ച് ലൗകികസുഖം ത്യജിച്ച് ഇഷ യോഗ സെന്ററില്‍ യുവതികള്‍ ജീവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജഗ്ഗി അവരെ പ്രോത്സാഹിപ്പിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.

അതേസമയം സമാന്തയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട തെലങ്കാന വനം പരിസ്ഥിതി വകുപ്പ് മന്ത്രി കൊണ്ട സുരേഖയുടെ പരാമ‌ർശം വലിയ ചർച്ചയായിരുന്നു. ഇതിന് കനത്ത ഭാഷയിൽ സമാന്ച മറുപടിയും നൽകിയിരുന്നു. സമാന്തയുടെ വിവാഹമോചനത്തിന് കാരണം ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) വര്‍ക്കിങ് പ്രസിഡന്റ് കെ ടി രാമ റാവുവാണെന്നായിരുന്നു സുരേഖയുടെ പ്രസ്താവന.

സുരേഖയുടെ പരാമര്‍ശത്തിനെതിരെ സമാന്തയും നാഗചൈതന്യയും രംഗത്തെത്തിയിരുന്നു. തന്റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണെന്നും ഊഹാപോഹങ്ങളില്‍ മുഴുകി രാഷ്ട്രീയ പോരാട്ടങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് സമാന്ത പറഞ്ഞു. തന്റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണെന്നും അതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമാന്ത ആവശ്യപ്പെട്ടു. തന്റെ വിവാഹമോചനം പരസ്പര സമ്മതത്തോടെയും സൗഹാര്‍ദപരവുമായിരുന്നുവെന്നും രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും സമാന്ത വ്യക്തമാക്കി.

മന്ത്രിയുടെ പരാമര്‍ശങ്ങള്‍ പരിഹാസ്യമാണെന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നാഗചൈതന്യ പറഞ്ഞു. മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ക്കായി സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിത തീരുമാനങ്ങള്‍ മുതലെടുക്കുന്നതും ചൂഷണം ചെയ്യുന്നതും ലജ്ജാകരമാണെന്നും നാഗചൈതന്യയും പ്രതികരിച്ചു. തങ്ങളുടെ വ്യത്യസ്തമായ ജീവിത ലക്ഷ്യങ്ങള്‍ കാരണം, പക്വതയുള്ള രണ്ട് മുതിര്‍ന്നവര്‍ ബഹുമാനത്തോടെയും അന്തസോടെയും മുന്നോട്ട് പോകാനുള്ള താല്‍പ്പര്യം കണക്കിലെടുത്ത് സമാധാനത്തോടെ എടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും നാഗചൈതന്യ വ്യക്തമാക്കി. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുനയും മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു.

സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം കെടിആര്‍ ആണെന്നും നടിമാര്‍ മയക്കുമരുന്നിന് അടിമകളാവുന്നതിന് കാരണവും കെ ടി ആര്‍ ആണെന്നുമായിരുന്നു സുരേഖയുടെ പരാമര്‍ശങ്ങള്‍. കെ ടി ആര്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും നടിമാരുടെ ഫോണുകള്‍ ചോര്‍ത്തി ബ്ലാക് മെയില്‍ ചെയ്തെന്നും സുരേഖ പറഞ്ഞിരുന്നു. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള എന്‍-കണ്‍വെന്‍ഷന്‍ പൊളിച്ചുമാറ്റാതിരിക്കാന്‍ പകരമായി സമാന്തയെ തന്റെ അടുത്തേക്ക് അയയ്ക്കണമെന്ന് കെടിആര്‍ ആവശ്യപ്പെട്ടെന്നും ഇത് സമാന്ത വിസമ്മതിച്ചതോടെയാണ് വിവാഹമോചിതരാവാന്‍ കാരണമായതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

എന്നാൽ പിന്നീട് പരാമ‍ർശത്തിൽ സുരേഖ ഖേദം പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം സമാന്തയെ വേദനിപ്പി നായിരുന്നില്ലെന്നും ഒരു നേതാവ് സ്ത്രീകളെ ഇകഴ്ത്തുന്നതിനെ ചോദ്യം ചെയ്യുന്നതിനായിരുന്നുവെന്നും സുരേഖ പറഞ്ഞു. സമാന്ത തനിക്ക് പ്രചോദനമാണെന്നും സുരേഖ പറഞ്ഞു. തുടര്‍ന്ന് സമാന്തയോ ആരാധകരോ തന്റെ പരാമര്‍ശത്തില്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായി സുരേഖ വ്യക്തമാക്കി.

dot image
To advertise here,contact us
dot image