ഹൈദരാബാദ്: തിരുപ്പതി ലഡ്ഡു വിവാദത്തിൽ അന്വേഷണം സ്വതന്ത്ര പ്രത്യേക അന്വേഷണ സംഘത്തിന് വിട്ട് സുപ്രീം കോടതി. രാഷ്ട്രീയ നാടകങ്ങൾക്കായി കോടതിയെ ഉപയോഗപ്പെടുത്തരുതെന്നും കോടതി താക്കീത് നൽകി. സിബിഐയിലെയും സംസ്ഥാന പൊലീസിലെയും രണ്ട് ഉദ്യോഗസ്ഥർ, എഫ്എസ്എസ്എഐയിലെ ഒരു ഉദ്യോഗസ്ഥനുമടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. സിബിഐ ഡയറക്ടർക്കായിരിക്കും അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.
നേരത്തെ തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ ഒമ്പത് അംഗ പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചിരുന്നു. ഇതി തള്ളിയാണ് കോടതി പുതിയ സ്വതന്ത്ര സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
പ്രശ്‌നം രാഷ്ട്രീയ നാടകത്തിന് ഉപയോഗിക്കുന്നതിൽ എതിർപ്പറിയിച്ച കോടതി രാഷ്ട്രീയ തർക്കത്തിന്റെ വേദിയാക്കാനാവില്ലെന്നും വ്യക്തമാക്കി. ലഡ്ഡു വിവാദം ലക്ഷക്കണക്കിന് ഭക്തരെ വേദനിപ്പിച്ചുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉണ്ടെങ്കിൽ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നേരത്തെ കേസ് പരിഗണിക്കവെ ആന്ധ്രപ്രദേശ് സർക്കാരിനെ സപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുതെന്നും ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തണമെന്നും സുപ്രീം കോടതി പറഞ്ഞു. ലഡ്ഡുവിൽ മൃഗക്കൊഴുപ്പെന്ന ലാബ് റിപ്പോർട്ട് പുറത്ത് വിട്ടതിലും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.
'ഏകപക്ഷീയമായുണ്ടാക്കിയ ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസാദത്തിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്നും, മാലിന്യം അടങ്ങിയിട്ടുണ്ടെന്നും അത് അശുദ്ധമാണെന്നും പ്രഖ്യാപിക്കാൻ എങ്ങനെയാണ് ഭരണഘടനാ പദവി വഹിക്കുന്ന മുഖ്യമന്ത്രിക്ക് സാധിക്കുന്നത്. ഏകപക്ഷീയമായ പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിച്ചോ?. ഭക്തരുമായി ബന്ധപ്പെട്ട വൈകാരിക വിഷയമാണിത്. ഇത്തരം വിഷയത്തെ കുറിച്ച് പറയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല,' സുപ്രീം കോടതി നിരീക്ഷിച്ചു.അന്വേഷണത്തിന് ഉത്തരവിട്ടിട്ട് റിപ്പോർട്ട് വരും മുൻപ് മാധ്യമങ്ങളെ കണ്ടതെന്തിനാണെന്നും ഉറപ്പില്ലാത്ത ഒരു കാര്യം എങ്ങനെ പരസ്യമായി പറഞ്ഞുവെന്നും കോടതി ചോദിച്ചു.
നേരത്തെ മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ വിതരണം ചെയ്ത ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയിരുന്നു. ഗുജറാത്തിലെ നാഷണൽ ഡയറി ഡവലപ്‌മെന്റ് ബോർഡിന് കീഴിൽ നടത്തിയ പരിശോധനയിലാണ് തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയുടെ അംശവും കണ്ടെത്തിയത്. നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പരിശോധന ഫലം പുറത്തുവിട്ട് വലിയ വിവാദത്തിന് തിരികൊളുത്തിയത്.