കൊൽക്കത്ത: ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലാണ് സംഭവം. ഇന്ന് രാവിലെ കൃപാഖളി ഗ്രാമത്തിലെ ഗംഗാ നദീ തീരത്ത് നിന്ന് നാട്ടുകാരാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് കുട്ടിയെ കാണാതായത്. സംഭവത്തില്‍ 19 വയസുകാരനായ മൊസ്താകിൻ സർദാർ എന്നയാളാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കുട്ടിയെ കാണാതായ വിവരം കുടുബം അറിയിച്ചതെന്ന് ബരുയിപൂർ പൊലീസ് സൂപ്രണ്ട് പലാഷ് ധാലി പറഞ്ഞു. തുടർന്ന് ഉടനെ അന്വേഷണം ആരംഭിച്ചു. അർദ്ധരാത്രിയോടെ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.
കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. രോഷാകുലരായ നാട്ടുകാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്തു. വടികളും ചൂലും കയ്യിലേന്തി പ്രതിഷേധക്കാർ ഇപ്പോഴും തെരുവിലുണ്ട്. പ്രദേശത്ത് വലിയ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
അതേസമയം, ബംഗാളിൽ ക്രമസമാധാന നില വഷളായെന്നും ഇതിന്റെ ഉത്തരവാദി തൃണമൂൽ കോൺ്രസാണെന്നും ബിജെപി ആരോച്ചു. 'നമ്മുടെ പെൺമക്കളെ സംരക്ഷിക്കുന്നതിൽ മമതാ ബാനർജിയുടെ പരാജയത്തിന് കീഴിൽ ഇനിയും എത്ര നിരപരാധികളുടെ ജീവൻ നഷ്ടപ്പെടും? ഈ രക്തം അവരുടെ കൈകളിലാണ്,' ബിജെപി നേതാവ് എക്‌സിൽ കുറിച്ചു. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവം.