'രേണുകസ്വാമിയുടെ ആത്മാവ് ശല്യം ചെയ്യുന്നു; ഭയം കാരണം ഉറക്കമില്ല'; ജയില്‍ മാറ്റണമെന്ന ആവശ്യവുമായി ദര്‍ശന്‍

രേണുകസ്വാമി വധക്കേസില്‍ വിചാണ നേരിടുന്ന നടന്‍ നിലവില്‍ ഒറ്റയ്ക്ക് ഒരു സെല്ലിലാണ് ഉള്ളത്

dot image

ബെഗളൂരു: രേണുകസ്വാമിയുടെ ആത്മാവ് ദുസ്വപ്‌നത്തിലെത്തി ശല്യം ചെയ്യുകയാണെന്നും ഭയം കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്നും ബെല്ലാരി ജയിലില്‍ വിചാരണത്തടവിലുള്ള കന്നഡ നടന്‍ ദര്‍ശന്‍ തൊഗുദീപ. രേണുകസ്വാമി വധക്കേസില്‍ വിചാണ നേരിടുന്ന നടന്‍ നിലവില്‍ ഒറ്റയ്ക്ക് ഒരു സെല്ലിലാണ് ഉള്ളത്. ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റണമെന്നാണ് നടന്റെ ആവശ്യം. ജാമ്യാപേക്ഷ പരിഗണിച്ച വിചാരണക്കോടതി മുന്‍പാകെയാണ് നടന്‍ ഇക്കാര്യം ഉന്നയിച്ചത്.

പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ദര്‍ശന് വിഐപി പരിഗണന ലഭിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് 29 ന് നടനെ ബെല്ലാരി ജയിലിലേക്ക് മാറ്റുകയായിരുന്നു. ദര്‍ശനും മറ്റ് മൂന്ന് ഗുണ്ടാനേതാക്കളും ജയില്‍ വളപ്പില്‍ കസേരയിട്ടിരുന്ന് സിഗരറ്റ് വലിക്കുന്ന വീഡിയോ പുറത്തുവന്നതോടെയായിരുന്നു നടപടി. ഇതിന് പിന്നാലെ ജയിലറും സൂപ്രണ്ടും ഉള്‍പ്പെടെ ഒന്‍പത് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി ജയില്‍ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നടിയും സുഹൃത്തുമായ പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചെന്നാരോപിച്ചായിരുന്നു ഓട്ടോ ഡ്രൈവറായിരുന്ന രേണുകസ്വാമിയെ ദര്‍ശന്‍ അടക്കമുള്ള സംഘം മര്‍ദിച്ച് കൊന്നത്. ദര്‍ശന്റെ നിര്‍ദേശപ്രകാരം ജൂണ്‍ 9 ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദര്‍ശന് ആക്രമണത്തില്‍ നേരിട്ട് പങ്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മരിക്കുന്നതിനു മുന്‍പ് രേണുകസ്വാമിക്ക് ക്രൂരമര്‍ദനമേറ്റിരുന്നുവെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വാമിയെ മരത്തടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് കെട്ടിയിട്ട് വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തു. തലയിലും വയറിലുമടക്കം മുറിവുകള്‍ മൂലമുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായത്. രേണുകസ്വാമിയെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ ദര്‍ശനും നടി പവിത്രയുമടക്കം 17 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കിയിരുന്നു. പവിത്രയാണ് കേസിലെ മുഖ്യപ്രതി. ദര്‍ശന്‍ രണ്ടാംപ്രതിയാണ്.

Content highlights- Actor darshan want to shift jail says being hunted by renukaswamys spirit

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us