ന്യൂഡല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസ് മേല്‍ക്കൈ പ്രവചിച്ച് ടൈംസ് നൗ എക്‌സിറ്റ് പോള്‍. 90ല്‍ 62 സീറ്റ് വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. ബിജെപി 24 സീറ്റ് വരെയാകും നേടുകയെന്നും പ്രവചനമുണ്ട്.
കോണ്‍ഗ്രസ് 55 മുതല്‍ 62 വരെ സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ എക്‌സിറ്റ് പോള്‍ പറയുന്നത്. ബിജെപി 18 മുതല്‍ 24 സീറ്റുകള്‍ വരെ നേടിയേക്കും. ജെജെപി പരമാവധി മൂന്ന് സീറ്റുകള്‍ വരെ നേടിയേക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. പുറത്തുവന്ന റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ് പോളും കോണ്‍ഗ്രസിന് മേല്‍ക്കൈ പ്രവചിക്കുന്നതാണ്.
90 സീറ്റുകളിലേക്കാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഹരിയാനയില്‍ ഭരണം നിലനിര്‍ത്താനായി ബിജെപി പോരാടുമ്പോള്‍ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. യുവജന പ്രതിഷേധവും കര്‍ഷകരോഷവുമാണ് ബിജെപിയ്ക്ക് വെല്ലുവിളിയാകുന്നത്. അഗ്‌നിപഥിനെതിരായ രോഷം, ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരത്തിനിറങ്ങിയ ആംആദ്മി പാര്‍ട്ടിയും കഴിഞ്ഞതവണ 10 സീറ്റുകള്‍ നേടിയ ജെജെപിയും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി പ്രമുഖ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലും സജീവമായിരുന്നു.
Content Highlights: Congress On Track For Victory With Strong Lead Over BJP Times Now Exit Poll Predicts