പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ: ജമ്മു കശ്മീരിൽ സഖ്യ സർക്കാർ, ഹരിയാനയിൽ കോൺഗ്രസ്

റിപ്പബ്ലിക്ക്-മട്രൈസിന്റെ എക്‌സിറ്റ് പോൾ പ്രകാരം ഹരിയാനയിൽ കോൺഗ്രസിനാണ് മുന്നേറ്റം

dot image

ന്യൂഡൽഹി: ഹരിയാന-ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ ഹരിയാനയിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ച് പീപ്പിൾസ് പൾസ്. ജമ്മു കശ്മീരിൽ 33 മുതൽ 35 സീറ്റുകൾ വരെ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം നേടുമെന്ന് പീപ്പിൾസ് പൾസ് എക്‌സിറ്റ് പോൾ ഫലം പറയുന്നു. ബിജെപി 23 മുതൽ 27 വരെ സീറ്റുകൾ നേടുമെന്നും ഫലം പറയുന്നു. പിഡിപി 7-11 സീറ്റുകളും മറ്റുള്ളവർ 4-5 സീറ്റുകളും നേടുമെന്ന് പീപ്പിൾസ് പൾസ് പ്രവചിക്കുന്നു. ഹരിയാനയിൽ 49 മുതൽ 61 സീറ്റുകൾവരെ കോൺഗ്രസ് നേടുമെന്ന് പീപ്പിൾസ് പൾസ് പറയുന്നു. ബിജെപി 20-32 സീറ്റുകളും മറ്റുള്ളവർ 3-5 സീറ്റുകളും നേടുമെന്നാണ് പീപ്പിൾസ് പൾസ് എക്‌സിറ്റ് പോൾ പ്രവചനം.

റിപ്പബ്ലിക്ക്-മട്രൈസിന്റെ എക്‌സിറ്റ് പോൾ പ്രകാരം ഹരിയാനയിൽ കോൺഗ്രസിനാണ് മുന്നേറ്റം. 55 മുതൽ 62 സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്ന് റിപ്പബ്ലിക്ക്-മട്രൈസിന്റെ എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. ബിജെപി 18- 24, കോൺഗ്രസ് 55-62, ഐഎൻഎൽഡി 06-06, ജെജെപി 00-03, മറ്റുള്ളവർ 02-05 എന്നിങ്ങനെയാണ് ഫലസൂചന. കോൺഗ്രസിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന് റിപ്പബ്ലിക്ക് എക്‌സിറ്റ് പോൾ പറയുന്നു.

ഹരിയാനയിലെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെയും 90 വീതം സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീരിൽ മൂന്നു ഘട്ടമായും ഹരിയാനയിൽ ഒറ്റഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്. കനത്ത സുരക്ഷയിലാണ് ജമ്മു കശ്മീരിൽ മൂന്നു ഘട്ടമായി വോട്ടെടുപ്പ് നടന്നത്. പത്തു വർഷത്തിനിടെ ആദ്യമായിട്ടായിരുന്നു കശ്മീരിലെ തിരഞ്ഞെടുപ്പ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്.

സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ യഥാക്രമം 61.38 ശതമാനം, 57.13 ശതമാനം, 69.65 ശതമാനം പോളിങ് രേഖപ്പെടുത്തി. ജമ്മു കശ്മീരിൽ മൊത്തം വോട്ടർമാരുടെ എണ്ണം 87.07 ലക്ഷം ആയിരുന്നു. 2014ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീർ പിഡിപി 28 സീറ്റുകൾ നേടിയിരുന്നു. ബിജെപി 25 സീറ്റിലും ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് 15 സീറ്റിലും കോൺഗ്രസ് 12 സീറ്റിലും മറ്റുള്ളവർ ഏഴ് സീറ്റിലും വിജയിച്ചു.

ഹരിയാനയിൽ ഭരണം നിലനിർത്താനായി ബിജെപി പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. യുവജന പ്രതിഷേധവും കർഷകരോഷവുമാണ് ബിജെപിയ്ക്ക് വെല്ലുവിളിയാകുന്നത്. അഗ്നിപഥിനെതിരായ രോഷം, ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരത്തിനിറങ്ങിയ ആംആദ്മി പാർട്ടിയും കഴിഞ്ഞതവണ 10 സീറ്റുകൾ നേടിയ ജെജെപിയും കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി പ്രമുഖ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലും സജീവമായിരുന്നു.

Content Highlights: People’s Pulse exit poll Coalition government in Jammu and Kashmir, Congress in Haryana

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us