ന്യൂഡൽഹി: ഭോപ്പാലിനടുത്തുള്ള ഫാക്ടറിയിൽനിന്ന് വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. 1814 കോടി വിലവരുന്ന വമ്പൻ മയക്കുമരുന്ന് ശേഖരവും ഇവയുണ്ടാക്കാനുപയോഗിച്ച വസ്തുക്കളുമാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും(എൻസിബി) തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) ചേർന്ന് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത്. ഗുജറാത്ത് മന്ത്രി ഹർഷ് സാഘ്വിയാണ് ഇക്കാര്യം അറിയിച്ചത്. എംഡി(മെഫെഡ്രോൺ) ഇനത്തിൽപ്പെട്ട മയക്കുമരുന്നാണ് ഇവ. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഗുജറാത്ത് ഭീകര വിരുദ്ധ സേനയ്ക്കും ഡൽഹി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോക്കും ഹർഷ് സാഘ്വി അഭിനന്ദനങ്ങൾ അറിയിച്ചു. മയക്കുമരുന്ന് കടത്തും ദുരുപയോഗവും ചെറുക്കുന്നതിൽ നമ്മുടെ നിയമ നിർവ്വഹണ ഏജൻസികൾ അശ്രാന്ത പരിശ്രമത്തിലാണെന്നാണ് ഈ നേട്ടം വ്യക്തമാക്കുന്നത്. നമ്മുടെ സമൂഹത്തിൻ്റെ ആരോഗ്യവും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിൽ അവരുടെ കൂട്ടായ ശ്രമങ്ങൾ നിർണായകമാണ്. ഇന്ത്യയെ ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമായ രാഷ്ട്രമാക്കി മാറ്റാനുള്ള അവരുടെ ദൗത്യത്തിൽ അവരെ പിന്തുണയ്ക്കുന്നത് തുടരാമെന്നും ഗുജറാത്ത് മന്ത്രി എക്സ് പോസ്റ്റിൽ പ്രതികരിച്ചു.
content highlights: Drugs Worth Over 1800 Crore Rupees Seized From Factory Near Bhopal