ചെന്നൈ: ചെന്നൈ എയര്‍ ഷോയ്ക്ക് ശേഷമുണ്ടായ തിക്കും തിരക്കും കനത്ത ചൂടും കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി. ഇരുന്നൂറിലധികം പേര്‍ തളര്‍ന്നു വീണു. 100 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എയര്‍ ഷോ കാണാന്‍ മറീന ബീച്ചില്‍ തടിച്ചുകൂടിയ ജനങ്ങളാണ് തിക്കിലും തിരക്കിലും പെട്ടത്.
ശ്രീനിവാസന്‍(48), കാര്‍ത്തികേയന്‍(34), ബാബു(56) തുടങ്ങിയവരാണ് മരിച്ചത്. വന്‍ ജനക്കൂട്ടമായിരുന്നു ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എയര്‍ ഷോ കാണാനെത്തിയത്. ഏകദേശം 13 ലക്ഷത്തോളം ആളുകള്‍ പരിപാടിക്കെത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാവിലെ ഏഴ് മണി മുതല്‍ എയര്‍ ഷോ കാണാന്‍ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ഷോ അവസാനിച്ചതോടെ എല്ലാവരും ഒരുമിച്ച് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു. കനത്ത ചൂടും ആളുകള്‍ കുഴഞ്ഞുവീഴുന്നതിന് കാരണമായി.
വ്യോമസേനയുടെ 92-ാം വാർഷികത്തോടനുബന്ധിച്ച് മറീന ബീച്ചിൽ സംഘടിപ്പിച്ച പരിപാടിയാണ് ദുരന്തത്തിൽ കലാശിച്ചത്. രാവിലെ 11 മണിക്കാരംഭിച്ച പരിപാടിയിൽ മുഖ്യമന്ത്രി എം കെ സ്റ്റാൻലിൻ ഉൾപ്പടെയുളള നിരവധി വിവിഐപികൾ പങ്കെടുത്തിരുന്നു.
Content Highlights: Three dead and 100 hospitalised as chaos erupts at IAF’s Chennai air show