ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ബിജെപി വിരുദ്ധ മുന്നണി അധികാരത്തില്‍ വരുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറുഖ് അബ്ദുള്ള. ഫലപ്രഖ്യാപനത്തിന് ശേഷം ജമ്മുകശ്മീരില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും. വരുന്ന സര്‍ക്കാരിന് മുന്നില്‍ ഒരുപാട് വെല്ലുവിളികളുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേരാന്‍ പിഡിപി ആഗ്രഹിക്കുന്നുവെന്നും എല്ലാ പിന്തുണയും സ്വാഗതം ചെയ്യുന്നുവെന്നും ഫാറുഖ് അബ്ദുള്ള റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.
'സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും. വരുന്ന സര്‍ക്കാരിന് മുന്നില്‍ ഒരുപാട് വെല്ലുവിളികള്‍ ഉണ്ട്. തൊഴിലില്ലായ്മയും വികസന മുരടിപ്പും പരിഹരിക്കണം.' ഫാറുഖ് അബ്ദുള്ള പറഞ്ഞു.
നിയമസഭയിലേക്ക് അഞ്ച് എംഎല്‍എമാരെ നാമനിര്‍ദേശം ചെയ്യാനുള്ള ലഫ്റ്റനന്റ് ഗവര്‍ണറുടെ നീക്കത്തിനെതിരെ ഫാറുഖ് അബ്ദുള്ള രംഗത്തെത്തി. ലഫ്റ്റനന്റ് ഗവര്‍ണര്‍മാരെ എംഎല്‍എയ്ക്ക് നോമിനേറ്റ് ചെയ്യാന്‍ അധികാരമില്ല. നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഫാറുഖ് അബ്ദുള്ള പറഞ്ഞു.
നിയമസഭയിലേക്കുള്ള വനിതാ പ്രാതിനിധ്യം പര്യാപ്തമല്ലെന്നു തോന്നിയാല്‍ രണ്ട് അംഗങ്ങളെ ലഫ്. ഗവര്‍ണര്‍ക്ക് നാമനിര്‍ദേശം ചെയ്യാമെന്നും ജമ്മു കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കികൊണ്ടുള്ള 2019 ലെ പുനഃസംഘടന നിയമത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം മൂന്ന് അംഗങ്ങളെക്കൂടി നാമനിര്‍ദേശം ചെയ്യുന്നതാണ് നീക്കം.
ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് കശ്മീരി പണ്ഡിറ്റുകള്‍, പാക് അധിനിവേശ കശ്മീരില്‍ നിന്നും പലായനം ചെയ്തവരില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെ മൂന്ന് പേര്‍ എന്നതാണ് വ്യവസ്ഥ. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന 90 എംഎല്‍എമാര്‍ക്കു പുറമെ കേന്ദ്ര താല്‍പര്യപ്രകാരം 5 പേര്‍ കൂടി നിയമസഭയിലേക്ക് അധികമായെത്തും.