ന്യൂഡൽഹി: മഹാരാഷ്ട്ര ലോക്സഭ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വീഴ്ചയ്ക്ക് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പയറ്റിത്തെളിഞ്ഞ
'മാധവ് ഫോർമുല'യ്ക്ക് ശക്തികൂട്ടാനുള്ള ശ്രമത്തിലാണ് ബിജെപി. ഉള്ളി ഉത്പാദനത്തിൽ മുന്നിലുളള മഹാരാഷ്ട്രയിൽ ഉള്ളി കയറ്റുമതിയുടെ തീരുവ കുറയ്ക്കൽ മുതൽ ബഞ്ചാര വിരാസത് മ്യൂസിയം തുറക്കുന്നത് വരെ എത്തിനിൽക്കുന്നു ബിജെപിയുടെ മഹാരാഷ്ട്രയിലെ മാധവ് വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍
ഒബിസി വിഭാഗത്തിൽപ്പെട്ട മാലി, ധൻഗർ, വഞ്ചാരി എന്നീ വിഭാഗക്കാരെ ഉൾപ്പെടുത്തിയുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് 'മാധവ് ഫോർമുല'. 2014ൽ അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ മാലി, ധൻഗർ, വഞ്ചാരി വിഭാഗക്കാരായ നേതാക്കളെ ചേർത്ത് സഖ്യം രൂപീകരിച്ചത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂല ഫലമുണ്ടാക്കിയിരുന്നു. അന്ന് പ്രകടനപത്രികയിൽ ധൻഗർ സമുദായത്തിന് പട്ടികവർഗ പദവി നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നെങ്കിലും അന്നത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനായില്ല. ഇത് ക്രമേണ മാധവ് സംഘം ബിജെപിക്കെതിരെ തിരിയുന്നതിലേക്ക് നയിച്ചു.
സമീപകാലത്തെ മറാത്ത സംവരണ പ്രക്ഷോഭവും വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും വ്യക്തതയില്ലാത്തതും ബിജെപിക്ക് പ്രതികൂല സാഹചര്യമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂല സാഹചര്യമുണ്ടാകണമെങ്കിൽ മാധവ് വിഭാഗക്കാരിൽ നിന്നുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് നഷ്ടപ്പെട്ട നില തിരിച്ചുപിടിക്കുകയല്ലാതെ പാർട്ടിക്ക് മറ്റ് വഴിയില്ലെന്നാണ് മുതിർന്ന ബിജെപി നേതാവ് വ്യക്തമാക്കുന്നത്.
മറാത്ത് വാദയിൽ 46 സീറ്റുകളാണുള്ളത്. പശ്ചിമ മഹാരാഷ്ട്രയിൽ 70 സീറ്റുകളുമുണ്ട്. മഹാരാഷ്ട്രയിലെ മറ്റ് ഏത് മേഖലയിലേക്കാൾ ഉയർന്ന സീറ്റ് നിലയാണിത്. മത്സരിച്ച 36 സീറ്റിൽ 20 സീറ്റാണ് പശ്ചിമ മഹാരാഷ്ട്രയിൽ ബിജെപി നേടിയത്. മറാത്ത് വാദയിൽ 26ൽ 16 സീറ്റും നേടി.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിന്റെ പേര് ബിജെപി അഹില്യനഗർ എന്ന് മാറ്റിയിരുന്നു. ധൻകർ വിഭാഗത്തിന്റെ ആരാധനാപാത്രമായ അഹില്യാദേവി ഹോൽക്കറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പേര് മാറ്റം. ഒബിസി വിഭാഗക്കാരെ മാത്രമല്ല ഉയർന്ന ജാതിക്കാരായ ബ്രാഹ്മണ രജ്പുത്ര വിഭാഗങ്ങളെ പ്രീണിപ്പിക്കാനും ബിജെപി മറന്നിട്ടില്ല. ബ്രാഹ്മണ രജപുത്ര വിഭാഗങ്ങളുടെ സാമ്പത്തിക വികസനത്തിനായി രണ്ട് കോർപറേഷനുകൾ സ്ഥാപിക്കാനും മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടിരുന്നു.
62 സീറ്റുകളുള്ള വിധർഭ ബിജെപിയുടെ ശക്തികേന്ദ്രമായിരുന്നുവെങ്കിലും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടന ബിജെപിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. കോൺഗ്രസ് മുന്നോട്ടുവെച്ച ദളിത്-മുസ്ലിം-കുമ്പി വിഭാഗക്കാരുടെ സഖ്യമാണ് തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് വിനയായതെന്നാണ് ബിജെപിയുടെ നിരീക്ഷണം. ഒബിസി വിഭാഗത്തിലെ മറ്റൊരു പ്രധാനപ്പെട്ട വിഭാഗമായിരുന്നു ടേലി. എന്നാൽ ടേലി വിഭാഗക്കാരും വിധർഭയിൽ ബിജെപിയെ കൈവിട്ടിരുന്നു. ഇക്കുറി തിരഞ്ഞെടുപ്പിൽ ടേലി വിഭാഗത്തിന്റെ വോട്ടുകൾ തിരിച്ചുപിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. പാർട്ടിയുടെ സംസ്ഥാന ഘടകം അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ ടേലി വിഭാഗത്തിൽ നിന്നായത് ഗുണം ചെയ്തേക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കുമ്പി, ഹിന്ദു ദളിത് വിഭാഗങ്ങളിൽ നിന്നും വോട്ട് പിടിക്കാനുള്ള ശ്രമവും ബിജെപി ശക്തമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയുടെ ജനസംഖ്യയിൽ 30 ശതമാനത്തിലധികമുള്ള മറാത്ത വിഭാഗക്കാരാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം. തങ്ങൾക്ക് കുമ്പി അഥവാ ഒബിസി സർട്ടിഫിക്കറ്റ് കിട്ടണമെന്നാണ് മറാത്ത വിഭാഗക്കാരുടെ ആവശ്യം. എന്നാൽ ഇത് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്നും വ്യക്തത ലഭിക്കാതിരുന്നതാണ് സംസ്ഥാനത്ത് സർക്കാരിന് പ്രധാന തിരിച്ചടിയായത്.
ഹരിയാനയിലും ജമ്മു കശ്മീരിലും തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് അനുകൂലമാകുമെന്നാണ് എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം മഹാരാഷ്ട്രയുടെ ഫലത്തേയും ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇക്കുറി ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), കോൺഗ്രസ്, എൻസിപി തുടങ്ങിയവരുൾപ്പെടുന്ന മഹാ വികാസ് അഘാഡിയും, ബിജെപി, ശിവസേന (ഷിൻഡെ പക്ഷം), എൻസിപി )അജിത് പവാർ) പക്ഷം എന്നിവരുൾപ്പെടുന്ന മഹായുതി സഖ്യവും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്. 2019ൽ 164 സീറ്റിൽ 105 സീറ്റ് നേടിയായിരുന്നു ബിജെപിയുടെ വമ്പൻ വിജയം. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച 28 സീറ്റിൽ 9 എണ്ണം മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ സീറ്റ് വിഭജന ചർച്ചകൾ മഹായുതി സഖ്യത്തിന് വെല്ലുവിളിയുയർത്താനാണ് സാധ്യത. 288 സീറ്റിൽ ചുരുങ്ങിയത് 160 സീറ്റെങ്കിലും ബിജെപി ആവശ്യപ്പെട്ടേക്കാം. 100-105 സീറ്റ് ശിവസേനയും, 60-80 എൻസിപിയും ആവശ്യപ്പെടാനാണ് സാധ്യത. മഹാ വികാസ് അഘാഡിയുടെ സീറ്റ് വിഭജന ചർച്ചകൾ ദസറയ്ക്ക് ശേഷമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ചും ഇരു സഖ്യങ്ങളിലും അവ്യക്തത തുടരുകയാണ്.
Content Highlight: BJP to sharpen up it's MADHAV formula as assembly polls are at the doorstep