ശ്രീനഗർ: ജമ്മു കശ്മീർ തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ മുന്നണി അധികാരത്തിലെത്തുമെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള. ഇക്കുറി തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഇന്ത്യ മുന്നണിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യത്തിനൊപ്പം ചേരാൻ പിഡിപി ആഗ്രഹിക്കുന്നുണ്ട്. എല്ലാവരുടേയും പിന്തുണ സ്വാഗതം ചെയ്യുന്നുവെന്നും സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.
മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ പറയാനാകില്ല. തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം പാർട്ടി നേതാക്കൾ മുഖ്യമന്ത്രിയെ തീരുമാനിക്കും. വരുന്ന സർക്കാരിന് മുന്നിൽ ഒരുപാട് വെല്ലുവിളികൾ ഉണ്ട്. തൊഴിലില്ലായ്മയും വികസനമുരടിപ്പും പരിഹരിക്കണമെന്നും ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി. എംഎൽഎമാരെ നാമനിർദേശം ചെയ്യാനുള്ള കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. എംഎൽഎമാരെ ലെഫ്റ്റനന്റ് ഗവർണർക്ക് നോമിനേറ്റ് ചെയ്യാനാകില്ല. ഗവർണർ ഡൽഹിയുടെ പ്രതിനിധിയാണ്. അദ്ദേഹത്തിന് എംഎൽഎമാരെ നോമിനേറ്റ് ചെയ്യാൻ അധികാരമില്ല. നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.
അതേസമയം ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം കൂടുതൽ സീറ്റുകൾ നേടുമെന്നാണ് സർവേകളുടെ പ്രവചനം. കശ്മീരിൽ കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യത്തിന് 30നും 45നും ഇടയിൽ സീറ്റുകൾ ഭൂരിപക്ഷം സർവേകളും പ്രവചിക്കുന്നു.
ഇന്ത്യ ടുഡേ സീ വോട്ടർ സർവേയിൽ ജമ്മുവിൽ ബിജെപിക്ക് മുൻതൂക്കമെന്നാണ് സർവേ ഫലം. 27 മുതൽ 31 സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രവചനം പുറത്തുവന്നിരിക്കുന്നത്. ഇൻഡ്യ സഖ്യം 11 മുതൽ 15 സീറ്റുകൾ വരെ നേടുമെന്നും പ്രവചനമുണ്ട്. അതേ സമയം ജമ്മു കശ്മീരിൽ തൂക്കുസഭയ്ക്ക് സാധ്യതയെന്നാണ് റിപ്പബ്ലിക് സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ദൈനിക് ഭാസ്‌കർ എക്‌സിറ്റ് പോൾ ഫലത്തിൽ ബിജെപി 20 മുതൽ 25 വരെ സീറ്റുകൾ നേടുമെന്നും എൻസി- കോൺഗ്രസ് സഖ്യം 35 മുതൽ 40 വരെ സീറ്റുകളും നേടും. പിഡിപി 4 മുതൽ 7 വരെ സീറ്റുകൾ, മറ്റുള്ളവ 12 മുതൽ 16 എന്നിങ്ങനെയാണ് സീറ്റുകളുടെ പ്രവചന ഫലങ്ങൾ.
സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിലായി മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. വൈകുന്നേരം 7.30 വരെ 59.36% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 58.46%ആയിരുന്നു പോളിങ്. 24 മണ്ഡലത്തിലേക്കായി 219 പേരാണ് ജനവിധി തേടുന്നത്. രണ്ടാം ഘട്ടത്തിൽ 56% പോളിംങ് രേഖപ്പെടുത്തി.
Content Highlight: Farooq Abdulla says Anti-BJP alliance will win in J&K