സെയ്‌ന്റ് ഫ്രാൻസിസ് സേവിയറുടെ തിരുശേഷിപ്പിനെതിരായ വിവാദ പരാമ‍ർശം; ആർഎസ്എസ് മുൻ മേധാവിക്കെതിരെ പ്രതിഷേധം ശക്തം

പ്രസ്താവന ഗോവയിലെ ക്രിസ്തീയ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് കഴിഞ്ഞ രണ്ട് ദിവസമായി ഗോവയിൽ പ്രതിഷേധം നടക്കുന്നത്

dot image

പനജി: ഗോവയിലെ ആർഎസ്എസ് മുൻ മേധാവി സുഭാഷ് വെലിങ്കറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം.
ഗോവയിലെ വിവിധ കേന്ദ്രങ്ങളിലാണ് പ്രതിഷേധം. അറസ്റ്റ് ആവശ്യപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചു. കഴിഞ്ഞദിവസം പൊതുപരിപാടിയിൽ പ്രസംഗിക്കവേ അദ്ദേഹം സെയ്‌ന്റ് ഫ്രാൻസിസ് സേവിയറുടെ തിരുശേഷിപ്പിൽ ഡിഎൻഎ പരിശോധന നടത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവന ഗോവയിലെ ക്രിസ്തീയ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് കഴിഞ്ഞ രണ്ട് ദിവസമായി ഗോവയിൽ പ്രതിഷേധം നടക്കുന്നത്.

മതവികാരം വ്രണപ്പെടുത്തിയതിന് ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 299 പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിരുന്നു. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണിത്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ സുഭാഷ് വെലിങ്ക‍ർ ഒളിവിൽ പോവുകയായിരുന്നു.

ശനിയാഴ്ച മഡ്ഗാവിൽ വൻ പ്രതിഷേധ റാലിയും പൊലീസ് സ്റ്റേഷൻ മാർച്ചും നടന്നു. ഇതിന്റെ തുടർച്ചയായി ഞായറാഴ്ച സംസ്ഥാനത്തെ 12 പൊലീസ് സ്റ്റേഷനുകളും ഉപരോധിച്ചു. ചില കേന്ദ്രങ്ങളിൽ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് ബലംപ്രയോഗിക്കേണ്ടിവന്നു. ചിലർക്ക് പരിക്കേറ്റു. പല സ്ഥലങ്ങളിലും പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചു. അതേസമയം, സുഭാഷ് വെലിങ്കർ നൽകിയ മുൻ‌കൂർ ജാമ്യ ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

സുഭാഷ് വെല്ലിങ്കാറിൻ്റെ പരാമർശത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ വിഭജന അജണ്ടയുടെ ഭാഗമാണ് പരാമർശമെന്നും ഗോവയിലെയും ഇന്ത്യയിലെയും മുഴുവൻ ജനങ്ങളും അതിനെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും രാഹുൽ പറഞ്ഞു. ആർഎസ്എസ് ഉന്നത നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരം ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും സമാന അജണ്ടകൾ നടപ്പിലാക്കാനാണ് ശ്രമമെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: protest is strong demanding the arrest of former RSS chief subhash velingkar in Goa

dot image
To advertise here,contact us
dot image