ബെംഗളൂരു: ബെഗളൂരുവിലെ അഞ്ചു വയസുകാരന്റെ മരണം കേക്ക് കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷ ബാധയേറ്റെന്ന് സംശയം. കുട്ടിയുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ബെംഗളൂരുവില്‍ സ്വിഗി ഡെലിവറി പാര്‍ട്ണറായി പ്രവര്‍ത്തിക്കുന്ന ബല്‍രാജുവിന്റെയും നാഗലക്ഷ്മിയുടെയും മകന്‍ ധീരജാണ് മരിച്ചത്.
കേക്ക് കഴിച്ചതിന് പിന്നാലെയാണ് ബല്‍രാജുവിനും കുടുംബത്തിനും ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കസ്റ്റമര്‍ കാന്‍സല്‍ ചെയ്തതിനെ തുടര്‍ന്നാണ് ബല്‍രാജ് തിങ്കളാഴ്ച കേക്ക് വീട്ടിലേക്ക് കൊണ്ടുവന്നത്. മൂന്ന് പേരും ചേര്‍ന്ന് കേക്ക് കഴിച്ചതിന് പിന്നാലെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതിന് പിന്നാലെ ബല്‍രാജിനും ഭാര്യയ്ക്കും അസ്വസ്ഥതയുണ്ടായി. മൂന്നുപേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെപി അഗ്രഹാര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റ് സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
Content Highlights: Bengaluru boy dies, parents critical after consuming cake, Food poisoning suspected